BGT 2024-25: രോഹിത്തിനേക്കാള്‍ നന്നായി ബോളര്‍മാരെ ഉപയോഗിക്കുന്ന താരം ഇന്ത്യന്‍ ടീമിലുണ്ട്; നിരീക്ഷണവുമായി സൈമണ്‍ കാറ്റിച്ച്

2024-25ല്‍ പെര്‍ത്തില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ സമഗ്രമായ വിജയത്തിലേക്ക് നയിച്ചു. അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തിയെങ്കിലും ഏഷ്യന്‍ വമ്പന്മാര്‍ ഓസ്ട്രേലിയയോട് 10 വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി. ഡിസംബര്‍ 14 ശനിയാഴ്ച ആരംഭിക്കുന്ന ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മൂന്നാം ടെസ്റ്റിനായി ഇരു ടീമുകളും ബ്രിസ്ബേനില്‍ ഒത്തുചേരുമ്പോള്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ്.

രോഹിത്തിനെ അപേക്ഷിച്ച് ബോളര്‍മാരെ മികച്ച രീതിയില്‍ റൊട്ടേറ്റ് ചെയ്തത് ബുംറയാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം സൈമണ്‍ കാറ്റിച്ച് അഭിപ്രായപ്പെട്ടു. രോഹിത് തന്റെ സ്പീഡ്സ്റ്ററുകളുമായി കുറച്ചുകൂടി സജീവമാകണമെന്നും സ്ലിപ്പില്‍ നിന്ന് അവര്‍ക്ക് വിലപ്പെട്ട ഫീഡ്ബാക്ക് നല്‍കണമെന്നും കാറ്റിച്ച് പറഞ്ഞു.

നിങ്ങള്‍ രണ്ട് ഫലങ്ങളും താരതമ്യം ചെയ്യുമ്പോള്‍, വ്യക്തമായും പെര്‍ത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് നഷ്ടമായി. ബുംറയുടെ ക്യാപ്റ്റന്‍സി, പ്രത്യേകിച്ച്, അവര്‍ ബൗള്‍ ചെയ്ത ലെങ്ത്, ബൗളര്‍മാരുടെ ഉപയോഗം, അത് അഡ്‌ലെയ്ഡില്‍ കണ്ടതിനേക്കാള്‍ വളരെ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. പെര്‍ത്ത് ഒന്നാം ദിവസം ഓസ്ട്രേലിയ 7/67 എന്ന നിലയില്‍ എത്തിയപ്പോള്‍, ഇന്ത്യ സ്റ്റംപുകള്‍ ആക്രമിച്ച് കൂടുതല്‍ ഫുള്‍ ആന്റ് സ്ട്രെയ്റ്റര്‍ ലെങ്ത്സില്‍ ബൗള്‍ ചെയ്തു- കാറ്റിച്ച് പറഞ്ഞു.

ടീമിനെ നയിച്ച രീതിക്ക് ബുംറയ്ക്ക് ഏറെ പ്രശംസ ലഭിച്ചു. അതേസമയം, കളിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യയെ തുടര്‍ച്ചയായ നാല് പരാജയങ്ങളിലേക്ക് നയിച്ചതിന് ശേഷം രോഹിത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.