രോഹിത് ശർമ്മ ഇന്നലെയും നിരാശപ്പെടുത്തി. സ്കോർ പിന്തുടരുമ്പോൾ താരത്തിന്റെ ഭാഗത്ത് നിന്ന് മികച്ച ഇന്നിംഗ്സ് പ്രതീക്ഷിച്ചവരെ നിരാശപെടുത്തികൊണ്ട് രോഹിത് പൂജ്യനായി മടങ്ങി. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ റൺ ഒന്നും എടുക്കാതെ മടങ്ങുന്ന താരമെന്ന റെക്കോർഡിന് ഒപ്പമെത്തി രോഹിത്തും. താരത്തിന്റെ മോശം ഫോമിൽ മുംബൈ ആരാധകർ മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളും നിരാശപ്പെട്ട് ഇരിക്കുന്ന സമയത്തായിരുന്നു പുര കത്തുമ്പോൾ വാഴ വെട്ടുന്നതുപോലെ താരത്തെ കളിയാക്കി പഞ്ചാബ് കിങ്‌സ് ട്വീറ്റ് ചെയ്‌തത്.
പഞ്ചാബ് കിങ്‌സ് – R0 എന്ന് എഴുതിയതിന് ശേഷം ഒരു കളിയാക്കുന്ന ഇമോജിയും കൂടി ചേർത്താണ് രോഹിത് പുറത്തായ ശേഷം പോസ്റ്റ് ചെയ്‌തത്. ആ സമയം പഞ്ചാബ് കളിയിൽ പിടിമുറുക്കി ഇരിക്കുക ആയിരുന്നു. എന്നാൽ 215 റൺ എന്ന റൺ മലക്ക് മുന്നിൽ പതറാതെ കളിച്ച മുംബൈ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവരുടെ മികവിൽ മത്സരം ജയിക്കുക ആയിരുന്നു. ശേഷം മുംബൈ പഞ്ചാബിന്റെ ട്വീറ്റിന് നൽകിയ മറുപടിയിൽ എല്ലാം അടങ്ങിയിരുന്നു.
മുംബൈയുടെ ട്വീറ്റ് ഇങ്ങനെ- രോഹിത് ശർമ്മ നേടിയ ഐ.പി.എൽ കിരീടം 6 എണ്ണം, പഞ്ചാബ് കിങ്‌സും കിങ്‌സ് ഇലവൻ പഞ്ചാബും ചേർന്ന് നേടിയ ഐ.പി.എൽ കിരീടം പൂജ്യം. ആ മറുപടി പഞ്ചാബിന് അത്യാവശ്യമായിരുന്നു. ആദ്യ തവണ മുംബൈയുമായി ഏറ്റുമുട്ടിയ മത്സരത്തിൽ വിജയം നേടിയ ശേഷം പഞ്ചാബ് മുംബൈയെ ഒരുപാട് കളിയാക്കിയിരുന്നു.
Read more
മത്സരത്തിലേക്ക് വന്നാൽ പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈക്ക് വേണ്ടി അര്‍ധ സെഞ്ചുറികളുമായി ഇഷാൻ കിഷനും (75) സൂര്യ കുമാര്‍ യാദവും (66) തിളങ്ങി.