ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച സ്പിന്ന് താരമാണ് യുസ്വേന്ദ്ര ചെഹൽ. ടീമിൽ നിന്നും ഏറ്റവും കൂടുതൽ തഴയപ്പെട്ട താരവും അദ്ദേഹമാണ്. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ താരത്തിന് സാധിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും അദ്ദേഹത്തിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ബിസിസിഐയിൽ നിന്നും തഴയപ്പെട്ടത് കൊണ്ട് തന്നെ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ ഇപ്പോൾ തകർപ്പൻ പ്രകടനമാണ് താരം നടത്തുന്നത്.
ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിൽ നോർത്താംപ്ടൻ ഷെയറിന്റെ പ്രധാന താരമാണ് യുസ്വേന്ദ്ര ചെഹൽ. ഈ കഴിഞ്ഞ ദിവസം ഡെർബിഷെയറിനെതിരായ മത്സരത്തിൽ യുസ്‍വേന്ദ്ര ചെഹൽ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിൽ എതിരാളികൾ ആദ്യ ഇന്നിങ്സിൽ 165 റൺസ് നേടി പുറത്തായി. ചെഹൽ 16.3 ഓവറുകളിൽ 45 റൺസ് മാത്രമാണ് വഴങ്ങിയത്. കൗണ്ടി ക്രിക്കറ്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് താരത്തിന് ഒരു വിക്കറ്റ് മാത്രമായിരുന്നു നേടാൻ സാധിച്ചത്.
മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ കരസ്ഥമാക്കിയ താരം ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകളിൽ 100 വിക്കറ്റുകൾ എന്ന നേട്ടത്തിൽ എത്തി നിൽക്കുകയാണ്. ഇത്രയും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ചെഹലിന് ഇത് വരെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അവസരം ലഭിക്കാത്തതിൽ ഒരുപാട് മുൻ താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്.
ലോകകപ്പ് വിജയിച്ചതിന്റെ ശേഷം സിംബാവെയ്‌ക്കെതിരെ നടന്ന പര്യടനത്തിലും, ശ്രീലങ്കൻ പര്യടനത്തിലും അദ്ദേഹത്തിനെ മാറ്റി നിർത്തിയിരുന്നു. ഇന്ത്യൻ ടീമിന് വേണ്ടി അവസാനമായി അദ്ദേഹം കളിച്ചത് കഴിഞ്ഞ വർഷം നടന്ന വെസ്റ്റിൻഡീസിനെതിരെ ഉള്ള ടി-20 പരമ്പരയിലാണ്. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ് യുസ്‍വേന്ദ്ര ചെഹൽ. ഓരോ സീസണിലും ടീമിൽ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ഈ വർഷം നടന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 18 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.