സിഡ്‌നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിനിടെ ഋഷഭ് പന്തിൻ്റെ പ്രതിരോധ ഇന്നിങ്സിൽ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെ കുറ്റപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്റർ ആദം ഗിൽക്രിസ്റ്റ്. ആദ്യ ഇന്നിങ്സിൽ 98 പന്തിൽ 40 റൺസെടുത്ത പന്ത് രണ്ടാം ഇന്നിംഗ്‌സിൽ വെറും 33 പന്തിൽ 61 റൺസ് നേടിയാണ് ഞെട്ടിച്ചത്. വിക്കറ്റ് കീപ്പർ-ബാറ്റർ തന്റെ ആദ്യ ഇന്നിങ്സിൽ പ്രതിരോധ സമീപനത്തിലൂടെ ഞെട്ടിക്കുക ആയിരുന്നു.
ഗിൽക്രിസ്റ്റ് ഇങ്ങനെ പറഞ്ഞു:
“സിഡ്‌നിയിലെ ആ ആദ്യ ഇന്നിംഗ്‌സിൽ ഋഷഭ് പന്തിനോട് പതുക്കെ കളിക്കാനും പ്രതിരോധ ശ്രദ്ധിക്കാനും പറഞ്ഞത് ഗംഭീർ ആണെന്ന് തോന്നുന്നു. എന്തായാലും ആ നടപടി ശരിയായില്ല.”
അതേസമയം ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രോഹിത് ശർമ്മ തന്നെ നയിക്കും. എന്നിരുന്നാലും, താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. സമീപകാലത്ത് ടീമിന്റെ പ്രകടനം എല്ലാവരും പ്രതീക്ഷിച്ചതുപോലെ മുന്നോട്ടു പോയില്ല. ക്യാപ്റ്റനായും ബാറ്ററായും രോഹിത്തിന്റെ പ്രകടനം മികച്ചതായിരുന്നില്ല.
ബോർഡർ-ഗവാസ്‌കർ ട്രോഫിയ്ക്കിടെ ഇന്ത്യൻ ക്യാപ്റ്റൻ സ്വയം ഒഴിവാക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തി. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് തോൽവിക്ക് ശേഷം, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് രോഹിത് ശർമ്മ; ഗൗതം ഗംഭീർ, അജിത് അഗാർക്കർ എന്നിവരുമായി ബിസിസിഐ ചർച്ച നടത്തിയിരുന്നു.
ഇതിൽ ഒന്നുരണ്ടു കാര്യങ്ങൾ സ്ഥിരീകരിച്ചു. തുടർച്ചയായി തോൽവികൾ വന്നിട്ടും ഗൗതം ഗംഭീറും അദ്ദേഹത്തിന്റെ സപ്പോർട്ട് സ്റ്റാഫും തുടരും. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാകും. സീനിയർ താരങ്ങൾ ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്നതാണ് അതിലെ ഏറ്റവും പ്രധാന നിർദേശം.
”ഇപ്പോൾ, ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്നിരുന്നാലും, ക്യാപ്റ്റൻസിയുടെ മുന്നോട്ടുള്ള തീരുമാനത്തിൽ മാനേജ്മെന്റ് തീരുമാനമെടുക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം, കാര്യങ്ങൾ മാറിയില്ലെങ്കിൽ, ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട ചില ചടുല തീരുമാനങ്ങൾ നിങ്ങൾ കണ്ടേക്കാം, ”ഒരു ഉറവിടം സ്‌പോർട്‌സ് ടാക്കിനോട് പറഞ്ഞു.