'ഇളനീരിന്റെ മധുരവും ഭക്ഷണത്തിന്റെ രുചിയും'; കേരളത്തെ കുറിച്ച് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

ഒരുപിടി നല്ല കളിക്കാരുള്ള കേരളം മികച്ച ടീമാണെന്ന് യുവ താരം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. രഞ്ജിട്രോഫി ക്രിക്കറ്റിന്റെ ഭാഗമായി ഗോവന്‍ ടീമിനൊപ്പം ആദ്യമായി കേരളത്തിലെത്തിയപ്പോഴാണ് അര്‍ജുന്റെ പ്രതികരണം. കേരളത്തിലെ പ്രകൃതിയും ബീച്ചുകളും മനോഹരമാണെന്നും ഇളനീരിന്റെ മധുരവും ഭക്ഷണത്തിന്റെ രുചിയും മറക്കാനാകാത്തതാണെന്നും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.

ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുകയെന്നതാണ് തന്റെ എക്കാലത്തെയും സ്വപ്നം. അതിനായുള്ള പ്രയത്നത്തിലാണ്. ആ ലക്ഷ്യത്തിലേക്ക് എത്താനാകുമെന്ന് ഉറച്ചവിശ്വാസമുണ്ട്. നിലവില്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുകയെന്നതാണ് ലക്ഷ്യം. രഞ്ജി ട്രോഫിയില്‍ നൂറുശതമാനം അര്‍പ്പണബോധത്തോടെ കളിക്കാനാണ് തീരുമാനം. അതിനുശേഷമേ ഐപിഎലിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ.

സീസണില്‍ ഗോവയ്ക്കായി മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ടീമിന്റെ വിജയത്തിന്റെ ഭാഗമാവുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച രീതിയില്‍ ബാറ്റുചെയ്യാനും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താനും കഴിഞ്ഞു. ഗോവയ്ക്കായി ഗ്രൗണ്ടിലിറങ്ങിയത് മികച്ച അനുഭവമാണ്. ടീമിന്റെ ഭാഗമാക്കിയതില്‍ ഗോവന്‍ ടീമിനോടും അസോസിയേഷനോടും കടപ്പാടുണ്ട്.

കുടുംബത്തിന്റെ പിന്തുണയാണ് എന്നെ ക്രിക്കറ്റില്‍ നിലനിര്‍ത്തുന്നത്. ക്രിക്കറ്റിലുള്ള എന്റെ താത്പര്യത്തിന് ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയുണ്ട്- അര്‍ജുന്‍ പറഞ്ഞു.