'ഇങ്ങനെയാണോ കളിക്കേണ്ടത്?, ലോകം മുഴുവന്‍ അവനെ നോക്കി ചിരിക്കുകയാണ്'; സൂപ്പര്‍ താരത്തെ കടന്നാക്രമിച്ച് ബാസിത് അലി

മോശം ഫോം തുടരുന്ന പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിനെ കടന്നാക്രമിച്ച് മുന്‍ താരം ബാസിത് അലി. റണ്ണൊഴുകിയ മുള്‍ട്ടാന്‍ ടെസ്റ്റിലും മോശം പ്രകടനം ആവര്‍ത്തിച്ച ബാബര്‍ അസമിനെ നോക്കി ലോകം ചിരിക്കുകയാണെന്ന് ബാസിത് അലി കുറ്റപ്പെടുത്തി.

ബാബര്‍ അസമിന് വിശ്രമം ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. തനിക്ക് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ബാബര്‍ സ്വയം പുറത്തുപോകണം. ബാബറിന്റെ മികച്ച പ്രകടനം കണ്ടിട്ട് 18 ഇന്നിംഗ്സുകളായി. മറ്റേതെങ്കിലും കളിക്കാരനാണ് ഇതുപോലെ മോശം പ്രകടനം കാഴ്ച വെച്ചിരുന്നെങ്കില്‍ വെറും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം അയാളെ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കുമായിരുന്നു.

ബാബര്‍ തന്റെ നിലപാടില്‍ മാറ്റം വരുത്തണം. ഇപ്പോള്‍ തന്നെ ഒരുപാട് ആയി. ലോകം മുഴുവനും ബാബറിനെ നോക്കി ചിരിക്കുകയാണ്. ഇങ്ങനെയാണോ കളിക്കേണ്ടത്?- ബാസിത് അലി കുറ്റപ്പെടുത്തി.

മൂന്ന് ഇന്നിംഗ്‌സുകളിലാണ് 1500റോളം റണ്‍പിറന്ന മുള്‍ട്ടാന്‍ ടെസ്റ്റില്‍ പോലും ബാബര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. രണ്ട് ഇന്നിംഗ്‌സുകളിലും 30,5 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറിംഗ്.