അന്ന് ദ്രാവിഡ് ഭായ് ഇന്ന് ഞാൻ, മുൻ ഇന്ത്യൻ പരിശീലകനെ സാക്ഷിയാക്കി വിഖ്യാത ആഘോഷം അനുകരിച്ച് രവിചന്ദ്രൻ അശ്വിൻ; വീഡിയോ കാണാം

തമിഴ്‌നാട് പ്രീമിയർ ലീഗിൻ്റെ (ടിഎൻപിഎൽ) ഫൈനലിൽ കോവൈ കിങ്‌സിനെ തോൽപ്പിച്ച് ആർ അശ്വിൻ നയിക്കുന്ന ദിണ്ടിഗൽ ഡ്രാഗൺസ് ട്രോഫി സ്വന്തമാക്കി. ടി20 ലീഗിൻ്റെ ഫൈനൽ സമയത്ത് മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് സന്നിഹിതനായിരുന്നു, അശ്വിന് ട്രോഫി സമ്മാനിച്ചത് അദ്ദേഹമായിരുന്നു. ഫൈനലിന് ശേഷം അശ്വിനും ദ്രാവിഡും ഉൾപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

2024ലെ ടി20 ലോകകപ്പ് സമയത്ത് ദ്രാവിഡ് നടത്തിയ അതെ ആഘോഷം അശ്വിൻ ആവർത്തിക്കുക ആയിരുന്നു. വിരാട് കോഹ്‌ലിക്ക് ട്രോഫി നൽകിയതിന് ശേഷം ആവേശകരമായ ആഘോഷത്തിലൂടെ മുൻ ഇന്ത്യൻ മുഖ്യ പരിശീലകൻ ക്രിക്കറ്റ് ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. അതുവരെ തന്നിൽ നിന്ന് അങ്ങനെ ആരും കണ്ടിട്ടില്ലാത്ത ഒരു സ്റ്റൈൽ ആഘോഷമായിരുന്നു ദ്രാവിഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് അത് ആവർത്തിക്കുകയാണ് അശ്വിൻ ചെയ്തത്.

46 പന്തിൽ 52 റൺസെടുത്ത അശ്വിൻ ബാറ്റിംഗിലൂടെ പ്ലെയർ ഓഫ് ദി മാച്ച് പ്രകടനം നടത്തി. 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡിണ്ടിഗൽ ഡ്രാഗൺസിന് തുടക്കത്തിലേ ഓപ്പണർമാരെ നഷ്ടമായി. മൂന്നാം വിക്കറ്റിൽ ബാബ ഇന്ദ്രജിത്തിനൊപ്പം (32) 65 റൺസ് കൂട്ടിച്ചേർത്തു. ഇന്ദ്രജിത്ത് പുറത്തായതിന് ശേഷവും അശ്വിൻ ബാറ്റിംഗിൽ സംഭാവന നൽകി. ബോളിങ്ങിൽ തിളങ്ങിയ അദ്ദേഹം തൻ്റെ നാല് ഓവർ സ്പെല്ലിൽ 13 റൺസ് മാത്രമാണ് നൽകിയത്. സീനിയർ സ്പിന്നർ ഫൈനലിൽ വിക്കറ്റ് വീഴ്ത്തിയില്ല. ടൂർണമെൻ്റിൽ 252 റൺസും 9 വിക്കറ്റും അദ്ദേഹം നേടി.

രാഹുൽ ദ്രാവിഡിനെ കുറിച്ച് പറയുമ്പോൾ, ടൂർണമെൻ്റിൻ്റെ അടുത്ത പതിപ്പിന് മുമ്പ് അദ്ദേഹം ഐപിഎല്ലിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. 2024ലെ ടി20 ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ കാലാവധി അവസാനിച്ചു. ദ്രാവിഡ് രാജസ്ഥാൻ റോയൽസിലേക്ക് (ആർആർ) മടങ്ങിയെത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ അടുത്തിടെ റിപ്പോർട്ട് ചെയ്തു.