അവിടെ നടക്കുന്നത് നല്ല കാര്യങ്ങൾ അല്ല, ലേലത്തിൽ എടുത്താൽ ഞാൻ അവന്മാർക്കിട്ട് പണിയും; മുൻ ഐപിഎൽ ടീമിനെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണപ്പ ഗൗതം

ഐപിഎൽ 2025 മെഗാ ലേലത്തിന് മണിക്കൂറുകൾ ശേഷിക്കെ, തൻ്റെ മുൻ ഫ്രാഞ്ചൈസി പഞ്ചാബ് കിംഗ്‌സിനെ കുറിച്ച് ചില സ്‌ഫോടനാത്മക വെളിപ്പെടുത്തലുകൾ നടത്തി കൃഷ്ണപ്പ ഗൗതം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഓഫ് സ്പിന്നർ ഇതിനകം ഒന്നിലധികം ഐപിഎൽ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. എന്തായാലും ഇപ്പോൾ പഞ്ചാബിനെതിരെ അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്

ഇന്ന് ജിദ്ദയിൽ നടക്കാനിരിക്കുന്ന ഐപിഎൽ 2025 മെഗാ ലേലത്തിന് ഒരു ദിവസം മുമ്പ് ഫ്രാഞ്ചൈസിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചേക്കാവുന്ന ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിൻ്റെ ഭാഗമായതിൻ്റെ ഭയാനകമായ അനുഭവം ഒരു പോഡ്‌കാസ്റ്റിൽ സംസാരിച്ച കൃഷ്ണപ്പ ഗൗതം പങ്കുവെച്ചു.

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന് പുറമെ മുംബൈ ഇന്ത്യൻസ് (എംഐ), രാജസ്ഥാൻ റോയൽസ് (ആർആർ), ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി), ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) എന്നിവയുടെ ഭാഗമായി താരം കളിച്ചിട്ടുണ്ട്. 2017 മുതൽ മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകളെ പ്രതിനിധീകരിച്ച ഗൗതം 36 മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചത്.

മറ്റെല്ലാ ടീമുകളുമായി തനിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു എന്നും എന്നാൽ പഞ്ചാബ് അങ്ങനെയല്ല എന്നും പറഞ്ഞ താരം പഞ്ചാബ് ടീമിൽ നടക്കുന്ന കാര്യങ്ങൾ അത്ര നല്ലതല്ല എന്നും പറഞ്ഞു

കളിക്കാൻ ഇഷ്ടമില്ലാത്ത ടീം ആണ് പഞ്ചാബ് എന്നും അവർ ലേലത്തിൽ തന്നെ ടീമിൽ എടുത്താൽ നന്നായി കളിക്കില്ല എന്നും പറഞ്ഞ ഗൗതം സംസാരിച്ചത് ഇങ്ങനെ : “ഞാൻ പഞ്ചാബ് കിംഗ്‌സ് എന്ന് പറയും. ഞാൻ വളരെ സത്യസന്ധനാണ്. എനിക്ക് അവരുമായി നല്ല അനുഭവം ഉണ്ടായിട്ടില്ല. വേറെയും കാര്യങ്ങളുണ്ട്; അത് ക്രിക്കറ്റിൻ്റെ മാത്രം കാര്യമല്ല. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ഞാൻ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന രീതിയല്ല ഇത്. ഞാൻ ഒരു ടീമിനായി കളിക്കുമ്പോൾ, ഞാൻ എല്ലായ്പ്പോഴും ടീമിനായി 100% ത്തിൽ കൂടുതൽ നൽകുന്നു; എന്നാൽ പഞ്ചാബ് കിംഗ്‌സിന് എന്നെ തിരഞ്ഞെടുത്താൽ (ഐപിഎൽ 2025 മെഗാ ലേലത്തിൽ) ഞാൻ 100 ശതമാനത്തിൽ കൂടുതൽ അവർക്ക് നൽകില്ല.

കൃഷ്ണപ്പ ഗൗതം മാത്രമല്ല നേരത്തെ മാക്‌സ്‌വെല്ലും പഞ്ചാബിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടിനെതിരെ പ്രതികരിച്ചിരുന്നു.

Read more