എല്ലാ ടീമുകളും പങ്കെടുക്കുന്ന 2025 ചാമ്പ്യൻസ് ട്രോഫി മത്സരം ആണ് തന്റെ സ്വപ്നം എന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി . പാക്കിസ്ഥാനിലെ ജനങ്ങൾ വിരാട് കോഹ്ലിയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം രാജ്യത്ത് കളിക്കുന്നത് കാണാൻ ആകാംഷയിൽ ആണെന്നും മുൻ താരം പറഞ്ഞു.
2008 ന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ കളിച്ചിട്ടില്ല, അനിശ്ചിതത്വമുള്ള രാഷ്ട്രീയ സാഹചര്യം കാരണം രാജ്യത്ത് പര്യടനം നടത്താൻ സാധ്യതയില്ല. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിൻ്റെ ആതിഥേയരും പാകിസ്ഥാൻ ആയിരുന്നു, എന്നാൽ ഒരു ഹൈബ്രിഡ് മോഡൽ വേണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം. അതിനാൽ, ഇന്ത്യൻ ടീം അവരുടെ മത്സരങ്ങൾ ശ്രീലങ്കയിൽ കളിച്ചു, ചാമ്പ്യൻസ് ട്രോഫിയിലും സമാനമായ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്.
ന്യൂസ് 24-ൻ്റെ യൂട്യൂബ് ചാനലിനോട് സംസാരിച്ച അഫ്രീദി, കളിക്കളത്തിലെ ഇന്ത്യ-പാക് പോരാട്ടത്തേക്കാൾ വലുതല്ല രാഷ്ട്രീയമെന്നും കോഹ്ലിയുടെ ആരാധകവൃന്ദം തങ്ങളുടെ രാജ്യത്ത് വളരെ വലുതാണെന്നും അഫ്രീദി പറഞ്ഞു.
“ഞാൻ ഇന്ത്യൻ ടീമിനെ (പാകിസ്ഥാനിൽ) സ്വാഗതം ചെയ്യുന്നു, അവർ വരണം. ഞങ്ങളുടെ ഇന്ത്യൻ പര്യടനങ്ങളിൽ ഞങ്ങൾക്ക് വലിയ ബഹുമാനവും സ്നേഹവും എപ്പോഴും ലഭിച്ചിട്ടുണ്ട്. അതുപോലെ, 2005 ലെ അവരുടെ പര്യടനത്തിൽ ഇന്ത്യൻ ടീമിനും സ്നേഹവും ആദരവും ലഭിച്ചു,” അഫ്രീദി പറഞ്ഞു.
“ക്രിക്കറ്റ് പര്യടനങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണം. ഇന്ത്യയും പാകിസ്ഥാനും അവരുടെ രാജ്യങ്ങളിൽ പരസ്പരം കളിക്കുന്നതിനേക്കാൾ വലിയ രാഷ്ട്രീയമില്ല. പാകിസ്ഥാനിൽ കളിക്കുമ്പോൾ വിരാട് ഇന്ത്യയിൽ തനിക്ക് ലഭിച്ച സ്നേഹം മറക്കും. അദ്ദേഹത്തിന് വലിയ ക്രേസുണ്ട്. പാകിസ്ഥാനും നമ്മുടെ ജനങ്ങളും അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
പാക്കിസ്ഥാനെതിരെ ശക്തമായ ടി20, ഏകദിന റെക്കോർഡും കോഹ്ലിക്കുണ്ട്. മുൻ ഇന്ത്യൻ നായകൻ്റെ ശരാശരി ഏകദിനത്തിൽ 52.15 ഉം പാക്കിസ്ഥാനെതിരെയുള്ള ടി20യിൽ 70.29 ഉം ആണ്.