മുഹമ്മദ് തന്‍സീ
യുദ്ധഭൂമിയില്‍ നിന്നൊരു ക്രിക്കറ്റ് ടീം ഉദയം കൊള്ളുക, അതേ ടീം വേള്‍ഡ് കപ്പില്‍ മത്സരിക്കുക, അവരിലൊരു സ്പിന്‍ ബൗളര്‍ ലോകത്തെ സകലമാന ബാറ്റ്‌സ്മാന്മാരുടെയും പേടിസ്വപ്നമായി മാറുക. അതേ ഇത്രയും പറഞ്ഞപ്പോ നിങ്ങള്‍ ചിന്തിച്ച അതേ അഫ്ഗാന്‍ ക്രിക്കറ്റിനെക്കുറിച്ച് തന്നെയാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് അഫ്ഗാനുമായുള്ള ക്രിക്കറ്റ് പരമ്പര ബഹിഷ്‌കരിച്ചു.
പ്രത്യക്ഷത്തില്‍ നല്ലൊരു തീരുമാനം എന്ന് നമുക്ക് തോന്നും. പക്ഷേ അത് പരോക്ഷമായി ബാധിക്കുന്നത് താലിബാനെ അല്ല. അഫ്ഗാനിലെ പാവപ്പെട്ട ജനങ്ങളെ ആണ്. ക്രിക്കറ്റിനെ ജീവ ശ്വാസം പോലെ നെഞ്ചേറ്റിയ അനേക ലക്ഷം സാധാരണ ജനങ്ങളെയാണ്. കാരണം കുറച്ച് കൂടി വ്യക്തമായി പറഞ്ഞ് തരാം.
അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കണം എന്ന് താലിബാന് യാതൊരു നിര്‍ബന്ധവും ഇല്ല. അവര്‍ക്ക് ക്രിക്കറ്റ് എന്താണെന്ന് പോലും ഒരു പക്ഷേ അറിയാന്‍ വഴിയില്ല. അതുകൊണ്ടല്ലേ 2021 ടി20 വേള്‍ഡ് കപ്പില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിസന്ധിയില്‍ ആയത്. സ്പോണ്‍സര്‍ ഇല്ലാതെ വിഷമിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന് അവസാന നിമിഷം മാത്രമാണ് സ്‌പോണ്‍സറെ ലഭിച്ചത്.
അന്ന് കണ്ണീരണിഞ്ഞു നിന്ന ക്യാപ്റ്റന്‍ നബിയുടെ മുഖം മനസില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. റാഷിദ് ഖാന്‍ അടക്കമാണ് അന്ന് താലിബാനെതിരെ പരസ്യമായി എതിര്‍പ്പ് അറിയിച്ചതും. ഇതാ ഇപ്പോള്‍ അഫ്ഗാന്‍ താരങ്ങള്‍ പരസ്യമായി രംഗത്ത് വന്നിരിക്കുന്നു.
ക്രിക്കറ്റ് ആണ് ഞങ്ങളുടെ സന്തോഷം. അത് ഇല്ലാതെ ആക്കരുത്. ചെയ്യാത്ത തെറ്റിന് കടലിനും ചെകുത്താനും നടുക്ക് നില്‍ക്കേണ്ടി വരുന്ന അഫ്ഗാന്‍ ജനങ്ങളെ വെറുതെ വിട്ടേക്കാം. യുദ്ധസമാനമായ അന്തരീക്ഷത്തില്‍ പോലും അവര്‍ ക്രിക്കറ്റ് ആസ്വദിക്കട്ടെ. പ്രിയപ്പെട്ട അഫ്ഗാന്‍ ജനതയേ.., നിങ്ങള്‍ക്ക് ഒപ്പം ആണ് എന്നും.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍