ദുലീപ് ട്രോഫിയില്‍ ഇടമില്ല, ഇംഗ്ലീഷ് ടീമിലേക്ക് ചേക്കറി യുസ്വേന്ദ്ര ചാഹല്‍

ഇന്ത്യയുടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ 2024 സീസണിന്റെ ശേഷിക്കുന്ന കാലയളവില്‍ നോര്‍ത്താംപ്ടണ്‍ഷയറില്‍ ചേര്‍ന്നു. 34 കാരനായ താരം കെന്റിനെതിരായ ടീമിന്റെ അവസാന ഏകദിന കപ്പ് മത്സരവും ശേഷിക്കുന്ന അഞ്ച് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളും കളിക്കും. ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷാ നിലവില്‍ നോര്‍ത്താംപ്ടണ്‍ഷയറിന്റെ ഭാഗമാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍നിന്ന് മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ താരം ഇതിനകം നേടിയിട്ടുണ്ട്.

ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം ചാഹല്‍ മുമ്പ് പ്രകടിപ്പിച്ചെങ്കിലും അദ്ദേഹത്തിന് അവസരം ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഹരിയാനയില്‍ ജനിച്ച താരം തന്റെ കരിയറില്‍ 35 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുക്കുകയും 34.51 ശരാശരിയില്‍ 96 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ താരം ഇന്ത്യയുടെ റെഡ്-ബോള്‍ ക്രിക്കറ്റ് പദ്ധതികളുടെ ഭാഗമല്ല. ദുലീപ് ട്രോഫിയക്കായുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തിന് ഇടംലഭിച്ചിരുന്നില്ല. ഇതോടെയാണ് സ്പിന്നര്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ചത്.

നോര്‍ത്താംപ്ടണ്‍ഷെയര്‍ ഹെഡ് കോച്ച് ജോണ്‍ സാഡ്ലര്‍ ചാഹലിനെ ടീമിലേക്ക് സ്വാഗതം ചെയ്യുകയും താരത്തിന്റെ വരവ് ബോളിംഗ് ആക്രമണത്തിന് കൂടുതല്‍ വൈവിധ്യവും ആഴവും നല്‍കുമെന്ന് പ്രസ്താവിക്കുകയും ചെയ്തു. ചാഹലിന്റെ റെക്കോര്‍ഡ് സ്വയം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിനെ വന്‍തോതില്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂസ്വേന്ദ്ര ഒരു ഉയര്‍ന്ന വിദേശ കളിക്കാരനാണ്, അയാള്‍ക്കൊപ്പം ധാരാളം അനുഭവ സമ്പത്തും അവിശ്വസനീയമായ ചില കഴിവുകളും ഉണ്ട്. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് സ്വയം സംസാരിക്കുന്നു. വിക്കറ്റ് വീഴ്ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ഞങ്ങളുടെ ആക്രമണത്തിന് ശക്തി പകരും- സാഡ്ലര്‍ പറഞ്ഞു.