അവര്‍ രണ്ടു പേരാകും ടി20 ലോകകപ്പിലെ ഏറ്റവും അപകടകാരികളായ ബോളര്‍മാര്‍; എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി നയന്‍ മോംഗിയ

ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിംഗും ഏറ്റവും അപകടകാരികളാകുമെന്ന് ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ച നയന്‍ മോംഗിയയുടെ മുന്നറിയിപ്പ്. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് മോംഗിയയുടെ നിരീക്ഷണം.

ജസ്പ്രീത് ബുംറയ്ക്കും അര്‍ഷ്ദീപ് സിംഗിനും സ്വിംഗ് ലഭിച്ചു. പവര്‍പ്ലേ ഓവറുകളില്‍ ഇരുവരും അപകടകാരികളാകും. ടി20 ലോകകപ്പില്‍ ബുംറയെയും അര്‍ഷ്ദീപിനെയും കൈകാര്യം ചെയ്യുക എളുപ്പമല്ല. ടീം ഇന്ത്യയുടെ ബോളിംഗ് മികച്ചതായി കാണപ്പെടുന്നു- അദ്ദേഹം സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബോളറാണ് ജസ്പ്രീത് ബുംറ. ടി20 ലോകകപ്പിലെ മുന്നേറ്റങ്ങള്‍ക്കായി ഇന്ത്യ അവരുടെ സ്പീഡ്സ്റ്ററിനെ ആശ്രയിക്കും. ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ടീമിന്റെ പ്രധാന ഭാഗമായി മാറിയ അര്‍ഷ്ദീപ് സിംഗ് അദ്ദേഹത്തെ സഹായിക്കും.

ന്യൂയോര്‍ക്കില്‍ നടന്ന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അര്‍ഷ്ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി ടീമിന്റെ വിജയത്തിന് സംഭാവന നല്‍കി. മറുവശത്ത്, ബുംറ തന്റെ പതിവ് മികവില്‍ ഒരു വിക്കറ്റ് വീഴ്ത്തി. അദ്ദേഹത്തിന്റെ വേഗവും സ്വിംഗും ബംഗ്ലാദേശ് ബാറ്റര്‍മാരെ നിയന്ത്രണത്തിലാക്കി. ജൂണ്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.