കള്ളങ്ങള്‍ പൊളിഞ്ഞതിന് പിന്നാലെ ടൈഗര്‍ റോബി തിരികെ നാട്ടിലേക്ക്; വിമാനത്താവളത്തിലെത്തിച്ചത് പൊലീസ് കാവലില്‍

ഇന്ത്യന്‍ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന വ്യാജ ആരോപണം പൊലീസ് പൊളിച്ചതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകന്‍ ടൈഗര്‍ റോബിയെ തിരികെ അയച്ചു. തന്നെ മത്സരത്തിനിടെ ഒരു സംഘം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മര്‍ദ്ദിച്ചുവെന്നും പുറത്തും അടിവയറ്റിലും ചവിട്ടേറ്റെന്നുമായിരുന്നു ടൈഗര്‍ റോബിയുടെ ആരോപണം.

എന്നാല്‍ റോബിയുടെ ആരോപണത്തെ തള്ളി പൊലീസ് രംഗത്തെത്തിയിരുന്നു. സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീണ ഇയാളെ കാണ്‍പൂര്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് മത്സരത്തിന് ഒരു ദിവസം മുന്‍പായി ടൈഗര്‍ റോബിക്ക് നിര്‍ജലീകരണവും വയറിളക്കവും അനുഭവപ്പെട്ടതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഇതിന് പിന്നാലെയാണ് റോബിയെ തിരികെ നാട്ടിലേക്ക് അയച്ചത്. പൊലീസ് കാവലില്‍ ചകേരി വിമാനത്താവളത്തിലെത്തിച്ച റോബിയെ അവിടെ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് ധാക്കയിലേക്കും അയക്കുകയായിരുന്നു. റോബിയുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ടാണ് ഇയാള്‍ രണ്ടാം ടെസ്റ്റ് കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ ലഞ്ചിനു പിന്നാലെ ടൈഗര്‍ റോബി ഗാലറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റേഡിയത്തില്‍വെച്ചു തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയ റോബിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മര്‍ദ്ദനമേറ്റെന്ന പരാതി റോബി നിഷേധിച്ചുവെന്നും പൊലീസ് അറിയിച്ചു.

Read more

വിമാനത്താവളം വിട്ടുപോകരുതെന്ന നിബന്ധനയിലാണ് പൊലീസ് കാവലില്‍ റോബിയെ ഡല്‍ഹിയിലെത്തിച്ചത്.സെപ്റ്റംബര്‍ 18ന് ചികിത്സക്കെന്ന പേരില്‍ മെഡിക്കല്‍ വിസയിലാണ് ടൈഗര്‍ റോബി ബംഗാളിലെ ഹൗറയിലെത്തിയത്. ഇതിനുശേഷമാണ് ചെന്നൈയിലേക്കും കാണ്‍പൂരിലേക്കും ബംഗ്ലാദേശ് ടീമിന്റെ മത്സരം കാണാനായി യാത്ര ചെയ്തത്.