അടുത്ത 15 ദിവസത്തേക്ക് സച്ചിന്റെ മോനാണെന്നത് മറന്നേക്കണം, ആ ലാളന പ്രതീക്ഷിക്കണ്ട; അര്‍ജുനോട് യുവരാജിന്റെ അച്ഛന്‍

രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടിയിരിക്കുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗിന്റെ അച്ഛന്‍ യോഗ്രാജ് സിംഗിനു കീഴിലുള്ള കഠിന പരിശീലനമാണ് അര്‍ജുന്റെ ഈ പ്രകടനത്തിന് പിന്നില്‍. ഇപ്പോഴിതാ അര്‍ജുന് താന്‍ പരിശീലനം നല്‍കിയതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യോഗ്രാജ്.

സച്ചിന്റെ അഭ്യര്‍ത്ഥന പ്രകാരം മകന്‍ യുവരാജ് സിംഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അര്‍ജുന് പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇങ്ങനെയൊരു അഭ്യര്‍ഥന നടത്തുമ്പോള്‍ എനിക്ക് എങ്ങനെ നോ പറയാന്‍ സാധിക്കും. അദ്ദേഹം എനിക്കു മൂത്ത മകനെപ്പോലെയാണ്. എന്റെ പരിശീലന രീതികളില്‍ ആരും ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് തീര്‍ത്ത് പറഞ്ഞിരുന്നു.

അടുത്ത 15 ദിവസത്തേക്ക് എങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനാണെന്നത് മറക്കണമെന്നാണ് ഞാന്‍ അര്‍ജുനോടു ആവശ്യപ്പെട്ടത്. സച്ചിന്റെ മകനായതിനാല്‍ മറ്റു കോച്ചുമാര്‍ അവനെ അമിതമായി ലാളിച്ചിട്ടുണ്ടെന്നാണ് എനിക്കു തോന്നിയത്. അച്ഛന്റെ നിഴലില്‍ നിന്നും പുറത്തു കടക്കേണ്ടത് ആവശ്യമാണെന്നു ഞാന്‍ അര്‍ജുനെ ഉപദേശിച്ചു.

അവന്റെ ബാറ്റിംഗ് കണ്ടപ്പോള്‍ ഇവനൊരു അപകടകാരിയായി മാറുമെന്നു എനിക്കു മനസ്സിലായി. ഞാന്‍ പെട്ടെന്നു തന്നെ സച്ചിനെയും യുവരാജിനെയും ഇത് അറിയിക്കുകയും ചെയ്തു. അര്‍ജുന്റെ ബാറ്റിംഗില്‍ എന്തുകൊണ്ടാണ് കൂടുതല്‍ ശ്രദ്ധ നല്‍കാതിരുന്നതെന്നു സച്ചിനെ വിളിച്ച് ചോദിക്കുകയും ചെയ്തു- യോഗ്രാജ് പറഞ്ഞു.

രഞ്ജി ട്രോഫിയില്‍ ഗോവയ്ക്കായി രാജസ്ഥാനെതിരെ 120 റണ്‍സാണ് അര്‍ജുന്‍ നേടിയത്. 207 ബോളുകളില്‍ 16 ഫോറിന്റെയും രണ്ടു സിക്സിന്റെയും അകമ്പടിയിലായിരുന്നു അര്‍ജുന്റെ മിന്നും പ്രകടനം.