പാകിസ്ഥാനെതിരായ വിജയം; ധോണിയുടെ റെക്കോഡ് മറികടന്ന് ഹര്‍മന്‍പ്രീത്

ടി20 യില്‍ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡില്‍ എംഎസ് ധോണിയെ മറികടന്ന് ഹര്‍മന്‍പ്രീത് കൗര്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ വിജയം നേടിയതോടെയാണ് ഹന്‍മന്‍പ്രീത് ഈ റെക്കോഡ് സ്വന്തമാക്കിയത്.

42 വിജയങ്ങളാണ് ഹര്‍മന്‍പ്രീതിന്റെ അക്കൗണ്ടിലുള്ളത്. ധോണിയുടെ പേരില്‍ 41 വിജയങ്ങളാണുള്ളത്. ഹര്‍മന്റെ നേതൃത്വത്തില്‍ ഇന്ത്യ 71 മത്സരങ്ങളിലാണ് കളിച്ചത്. 26 മത്സരങ്ങളില്‍ പരാജയപ്പെട്ടു. ധോണിയുടെ കീഴില്‍ 72 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 41 ലും വിജയിച്ചപ്പോള്‍ 28 എണ്ണത്തില്‍ തോല്‍വി വഴങ്ങി.

ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്തുള്ളത് മുന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ്. 50 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച വിരാട് കോഹ്‌ലി 30 മത്സരങ്ങളില്‍ ടീമിന് വിജയം സമ്മാനിച്ചു.

പൂള്‍ എ യില്‍ നടന്ന മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ എട്ടുവിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. പാകിസ്ഥാന്‍ വനിതകള്‍ ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ വെറും 11.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സ്മൃതി 42 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 63 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

Read more

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ ടീം ഓസ്ട്രേലിയയോട് പൊരുത്തിത്തോറ്റിരുന്നു.