ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ താനെയിലെ അകൃതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് മോശമായതിന് പിന്നാലെയാണ് ആരാധകരെ സംബന്ധിച്ചിടത്തോളം ദൗര്‍ഭാഗ്യകരമായ വാര്‍ത്ത വന്നിരിക്കുന്നത്. താരത്തിന്റെ ആരോഗ്യ സ്ഥിതിഗതികള്‍ കൂടുതല്‍ വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാംബ്ലിയുടെ മാനസികാരോഗ്യം ക്ഷയിക്കുകയും മാനസികമായി ദുര്‍ബലനാകുകയും അമിത അളവില്‍ മദ്യം കഴിക്കുകയും ചെയ്തിരുന്നു എന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. മദ്യപാനവും പുകവലിയുമെല്ലാം പൂര്‍ണമായും നിര്‍ത്തിയെന്നും താന്‍ വീണ്ടും ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണെന്നും അടുത്തിടെ കാംബ്ലി പറഞ്ഞിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ബാല്യകാല സുഹൃത്തും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുമൊത്തുള്ള കാംബ്ലിയുടെ ഒരു ക്ലിപ്പ് വൈറലായിരുന്നു. തങ്ങളുടെ ബാല്യകാല പരിശീലകനായ രമാകാന്ത് അച്രേക്കറിന് വേണ്ടി മുംബൈയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

ഇന്ത്യക്കായി 17 ടെസ്റ്റുകളില്‍ കളിച്ച കാംബ്ലി 54.20 ശരാശരിയില്‍ നാലു സെഞ്ച്വറികള്‍ സഹിതം 1084 റണ്‍സടിച്ചിട്ടുണ്ട്. 104 ഏകദിനങ്ങളില്‍ 2477 റണ്‍സും കാംബ്ലി നേടി.