'വിരാട് കോഹ്ലി ബാബർ അസമിനു മുന്നിൽ വെറും വട്ടപ്പൂജ്യം'; ഇന്ത്യൻ താരത്തെ പരിഹസിച്ച് മുൻ പാക് കോച്ച്

ചാമ്പ്യൻസ് ട്രോഫിയിൽനിന്ന് പാകിസ്ഥാൻ പുറത്തായതിന് പിന്നാലെ ബാബർ അസം ഏറെ വിമർശിക്കപ്പെട്ടു. ആതിഥേയരായിരുന്നിട്ടും, ന്യൂസിലൻഡിനോടും ഇന്ത്യയോടും തുടർച്ചയായ തോൽവികൾക്ക് ശേഷം പാകിസ്ഥാൻ നേരത്തെ പുറത്തായി. അതേസമയം ബംഗ്ലാദേശിനെതിരായ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു.

ന്യൂസിലൻഡിനെതിരായ മന്ദഗതിയിലുള്ള അർദ്ധ സെഞ്ച്വറിയുടെ പേരിൽ ബാബർ തിരിച്ചടി നേരിടുകയും, ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തിൽ സ്വാധീനം ചെലുത്താൻ പാടുപെടുകയും, രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് വെറും 87 റൺസുമായി ടൂർണമെന്റ് പൂർത്തിയാക്കുകയും ചെയ്തു.

പാകിസ്ഥാന്റെ പ്രകടനം മോശമായിരുന്നിട്ടും, മുൻ കളിക്കാരനും പരിശീലകനുമായ മൊഹ്സിൻ ഖാൻ ധീരമായ ഒരു പ്രസ്താവന നടത്തി, ബാബറെയും വിരാട് കോഹ്ലിയും തമ്മിൽ താരതമ്യം ചെയ്തു. പാകിസ്ഥാനെതിരായ മത്സരത്തിൽ തന്റെ 51-ാം ഏകദിന സെഞ്ച്വറി നേടിയ കോഹ്ലി, ഇന്ത്യയുടെ വിജയം ഉറപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. എആർവൈ ന്യൂസിനോട് സംസാരിച്ച മൊഹ്സിൻ വിരാട് കോഹ്ലിയും ബാബർ അസമും തമ്മിലുള്ള താരതമ്യത്തെ ശക്തമായി തള്ളിക്കളഞ്ഞു.

ഞാൻ വ്യക്തമാക്കട്ടെ-ബാബർ അസമുമായി താരതമ്യപ്പെടുത്തുമ്പോൾ വിരാട് കോഹ്ലി ഒന്നുമല്ല; അദ്ദേഹം പൂജ്യമാണ്. എന്നാൽ അതല്ല പ്രധാന പ്രശ്നം. പൂർണ്ണമായും തകർന്ന പാകിസ്ഥാൻ ക്രിക്കറ്റാണ് യഥാർത്ഥ പ്രശ്നം. അവർക്ക ആസൂത്രണമോ ശരിയായ തന്ത്രമോ യോഗ്യതയോ ഉത്തരവാദിത്തമോ ഇല്ല- അദ്ദേഹം പറഞ്ഞു.

ടൂർണമെന്റിൽ ഇതുവരെ ഒരു സെഞ്ച്വറി ഉൾപ്പെടെ 133 റൺസ് നേടിയ കോഹ്ലിയുടെ ഫോം ശ്രദ്ധേയമാണ്. അങ്ങനെയിരിക്കെ മൊഹ്സിൻ്റെ പരാമർശങ്ങളെ പലരെയും അത്ഭുതപ്പെടുത്തി.