ഗാംഗുലിയും ലക്ഷ്മണും കമന്ററി ബോക്‌സിനു പുറത്തേക്ക്?

ലോകകപ്പ് കളിപറച്ചിലില്‍ നിന്ന് സൗരവ് ഗാംഗുലിക്കും വി.വി.എസ് ലക്ഷ്മണിനും മാറി നില്‍ക്കേണ്ടി വരും. ബി.സി.സി ഐയുടെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നതിനാല്‍ താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കുമുള്ള ചട്ടങ്ങളാണ് ഇതിനു തടസ്സം. ഔദ്യോഗിക പദവിയില്‍ തുടരണമോ അതോ കമന്ററി നടത്തണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ താരങ്ങള്‍ക്ക് ബിസിസിഐ രണ്ടാഴ്ച സമയം അനുവദിച്ചേക്കും.

കോണ്‍ഫ്‌ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് എന്ന ചട്ടമാണ് ഗാംഗുലിയും ലക്ഷ്മണും ലംഘിച്ചിരിക്കുന്നത്. ഒരാള്‍ക്ക് ഒരു പദവി എന്നതാണ് ചട്ടം. ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗവും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ഗാംഗുലി ഐ.പി.എല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന്റെ ഉപദേശകനായതും വിവാദമായിരുന്നു.

ക്രിക്കറ്റ് ഉപദേശക സമിതി അംഗമായിരിക്കെ വി.വി.എസ് ലക്ഷ്മണും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു. അതേ സമയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സുമായി സഹകരിക്കുന്നുണ്ടെങ്കിലും ഉപദേശക സമിതി അംഗത്വം അദ്ദേഹം വേണ്ടെന്നു വച്ചിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരാണ് ഗാംഗുലിയും ലക്ഷ്മണും.