ഇന്ത്യയുടെ പുതുതായി നിയമിതനായ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ ബോളര്‍മാരുടെ കരുത്ത് തിരിച്ചറിയേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മുന്‍ ഹെഡ് കോച്ച് രവി ശാസ്ത്രി. സൂര്യകുമാറിന്റെ പ്രതിഭ എന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും വ്യത്യസ്തമായ പ്രകടനം നടത്താന്‍ താരത്തിന് സാധിക്കുമെന്നും ശാസ്ത്രി പറഞ്ഞു.
ഇന്ത്യയുടെ നായകനാവുമ്പോള്‍ സൂര്യകുമാര്‍ യാദവ് ഒരു കാര്യം തിരിച്ചറിയേണ്ടതായുണ്ട്. അത് തങ്ങളുടെ ബോളര്‍മാരുടെ കരുത്ത് എന്താണെന്നും പരിമിതി എന്താണെന്നുമാണ്. ഒരു ബോളര്‍ക്ക് ഇത്തരമൊരു ദൗര്‍ബല്യമുണ്ടെന്ന് ഞാനൊരിക്കലും പറയില്ല. അവരുടെ കരുത്തിനെക്കുറിച്ചും പ്രത്യേകമായി പറയാനാവില്ല. മികച്ച രീതിയില്‍ ഫീല്‍ഡിംഗ് വിന്യസിക്കുന്ന കാര്യത്തിലും സൂര്യ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. ഇക്കാര്യങ്ങളാണ് സൂര്യ പഠിക്കേണ്ടത്.
സൂര്യയുടെ പ്രതിഭ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാന്‍മാരിലൊരാളാണ് സൂര്യ. സ്വയം മാച്ച് വിന്നറായ താരമാണവന്‍. എപ്പോഴും തന്റേതായ വ്യത്യസ്തമായ പ്രകടനം നടത്താന്‍ അവന് സാധിക്കും. സൂര്യയെ നായകനാക്കിയത് മോശമായ തീരുമാനമാണെന്ന് ഒരിക്കലും പറയാനാവില്ല- രവി ശാസ്ത്രി പറഞ്ഞു.
പലേക്കലെയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യ ഇന്ന് (ശനിയാഴ്ച) ശ്രീലങ്കയെ നേരിടും. 2024ലെ ഐസിസി ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം വിരമിച്ച രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര കളിക്കാന്‍ ഇന്ത്യയിറങ്ങും. ഗൗതം ഗംഭീറാണ് ഇന്ത്യന്‍ ടീമിന്റെ പുതിയ മുഖ്യ പരിശീലകന്‍.