അഫ്ഗാനിസ്ഥാൻ ലോകകപ്പ് ജയിച്ചതിനുശേഷം മാത്രമേ താൻ വിവാഹം കഴിക്കുകയുള്ളൂ എന്ന് റാഷിദ് ഖാൻ ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് അയാൾ ഒരുപാട് പരിഹസിക്കപ്പെട്ടു. അതേ റാഷിദ് ഖാൻ അഫ്ഗാൻ ടീമിനെ ടി-20 ലോകകപ്പിൻ്റെ സെമിഫൈനലിൽ എത്തിച്ചിരിക്കുന്നു!
ബംഗ്ലാദേശിനെതിരെ കേവലം 114 റണ്ണുകൾ മാത്രമാണ് അഫ്ഗാനികൾ നേടിയത്. പക്ഷേ ആ ചെറിയ സ്കോര് അവർ വിജയകരമായി പ്രതിരോധിച്ചു! റഷീദിൻ്റെ സ്പെൽ തങ്കം പോലെ തിളങ്ങിനിന്നു. കേവലം 23 റണ്ണുകൾ വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ! 2010-ൽ വെസ്റ്റ് ഇൻഡീസിൽ വെച്ച് നടന്ന ടി-20 ലോകകപ്പിലാണ് അഫ്ഗാനിസ്ഥാൻ്റെ ഇൻ്റർനാഷണൽ കരിയർ ആരംഭിച്ചത്. കേവലം 16 വർഷങ്ങൾ കൊണ്ട് അവർ ഒരു സെമിഫൈനൽ ബെർത്ത് കരസ്ഥമാക്കി! സമാനതകളില്ലാത്ത വളർച്ച!!
നനഞ്ഞ ബോൾ ഉപയോഗിച്ചാണ് റാഷിദ് ബോൾ ചെയ്തത്. എന്നിട്ടും അയാളുടെ പന്തുകൾ മാരകമായി ടേൺ ചെയ്തു!
സെൻ്റ് വിൻസെൻ്റ് മൈതാനത്തിലെ ഒരു എൻഡ് ബോളർമാരുടെ പേടിസ്വപ്നമായിരുന്നു. ബാറ്റർമാർക്ക് അനുകൂലമായ കനത്ത കാറ്റ് അവിടെ വീശുന്നുണ്ടായിരുന്നു. പക്ഷേ റാഷിദ് ആ എൻഡിൽ നിന്ന് തന്നെ ആക്രമിച്ചു. വിക്കറ്റുകൾ നേടി!
മഹ്മദുള്ളയെ പുറത്താക്കിയതും റാഷിദിൻ്റെ ബ്രില്യൻസ് ആയിരുന്നു. ഓൺ ഫീൽഡ് അമ്പയർ നോട്ടൗട്ട് വിധിച്ചതാണ്. പക്ഷേ റാഷിദിൻ്റെ കണ്ണുകൾ എഡ്ജ് കണ്ടെടുത്തു. ഡി.ആർ.എസ്സിലൂടെ മഹ്മദുള്ള ഔട്ടായി!
റാഷിദ് എന്ന വ്യക്തിയുടെ ഔന്നത്യവും നാം കണ്ടു. മഴനിയമത്തിൻ്റെ ആനുകൂല്യം മുതലെടുക്കുന്നതിന് വേണ്ടി ഗുൽബദീൻ നായിബ് പരിക്ക് അഭിനയിച്ചിരുന്നു. ആ പ്രവൃത്തിയ്ക്ക് കോച്ച് ജൊനാഥൻ ട്രോട്ടിൻ്റെ പിന്തുണയും ഉണ്ടായിരുന്നു. പക്ഷേ അതിനോടുള്ള തൻ്റെ എതിർപ്പ് റഷീദ് പരസ്യമായി തന്നെ പ്രകടിപ്പിച്ചു.
റാഷിദ് നൽകിയ സന്ദേശം വ്യക്തമായിരുന്നു- ”നമുക്ക് ആരെയും പിന്നിൽ നിന്ന് കുത്തിവീഴ്ത്തേണ്ടതില്ല. നേരായ വഴിയിലൂടെ ജയിക്കാനുള്ള വെടിമരുന്ന് നമ്മുടെ പക്കലുണ്ട്..!”
ഒരിക്കൽ ഹർഷ ഭോഗ്ലെ റാഷിദിനോട് ചോദിച്ചു- ”താങ്കളുടെ കരങ്ങൾ അതിശക്തമാണ്. നിങ്ങളുമായി ഷെയ്ക് ഹാൻഡ് ചെയ്താൽ എൻ്റെ കൈ ചിലപ്പോൾ തകർന്നുപോകും! എന്താണ് അതിൻ്റെ രഹസ്യം?” ഒരു ചെറുചിരിയോടെ റാഷിദ് മറുപടി നൽകി- ”അതിൻ്റെ രഹസ്യം ലളിതമാണ്. ഞാൻ എൻ്റെ പിതാവിനോടൊപ്പം വയലിൽ പണിയെടുക്കാറുണ്ട്.!”
അതാണ് അഫ്ഗാനികൾ. മികച്ച ഗ്രൗണ്ടുകളും നല്ല കോച്ചുകളും അവർക്കുണ്ടായിരുന്നില്ല. തെരുവിൽ കളിച്ച് വിളഞ്ഞവർ. യഥാർത്ഥ സ്ട്രീറ്റ് ഫൈറ്റേഴ്സ്! അഫ്ഗാനികളുടെ മാതൃഭാഷ പാഷ്തോ ആണ്. എന്നാൽ പല അഫ്ഗാനികൾക്കും പാഷ്തോയിൽ വലിയ പ്രാവീണ്യമില്ല. അതിൻ്റെ കാരണം കേട്ടാൽ ഉള്ളുപിടയും.
അഫ്ഗാൻ ക്രിക്കറ്റർമാർ പാകിസ്ഥാനിലെ അഭയാർത്ഥികളായിരുന്നു. പാകിസ്ഥാനിലെ സ്കൂളുകളിൽ പാഷ്തോ പഠിപ്പിച്ചിരുന്നില്ല. അങ്ങനെ മാതൃഭാഷ പഠിക്കാനുള്ള അവകാശം പോലും അഫ്ഗാനികൾക്ക് നിഷേധിക്കപ്പെട്ടു!
ഇവർ ജയിക്കുമ്പോൾ ആനന്ദിക്കാതിരിക്കുന്നതെങ്ങനെ!
വിരാട് കോഹ്ലിയും നവീൻ ഉൽ ഹഖും തമ്മിൽ ചെറിയൊരു ശത്രുത നിലനിന്നിരുന്നു. എന്നാൽ കഴിഞ്ഞുപോയ ഏകദിന ലോകകപ്പിൻ്റെ സമയത്ത് വിരാടിനെ സ്നേഹപൂർവ്വം ആശ്ലേഷിച്ച നവീൻ ഇന്ത്യക്കാരുടെ ഹൃദയങ്ങളെ ജയിച്ചടക്കി! അത്രമേൽ നല്ലവരാണ് അഫ്ഗാനികൾ!
തസ്കിൻ അഹമ്മദിനെയും മുസ്താഫിസുർ റഹ്മാനെയും നവീൻ പുറത്താക്കിയപ്പോൾ ഇന്ത്യക്കാർ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയിരുന്നു. വിജയത്തിനുശേഷം അഫ്ഗാനികൾ മുഖം പൊത്തി കരഞ്ഞപ്പോൾ പല ഇന്ത്യക്കാരും കണ്ണുനീർ വാർത്തിട്ടുണ്ടാവും!