ഞങ്ങളുടെ മാലാഖയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു, കുഞ്ഞുങ്ങൾ നഷ്ടപെടുന്ന ദമ്പതികളുടെ വേദന മനസിലാക്കുന്നു; ന്യൂസിലൻഡ് ക്രിക്കറ്ററുടെ വെളിപ്പെടുത്തലിൽ ദുഃഖിച്ച് ക്രിക്കറ്റ് ലോകം

ന്യൂസിലൻഡ് ഓപ്പണർ ഡെവൺ കോൺവേ പങ്കിട്ട ദുഃഖ വാർത്ത ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ഭാര്യ കിം വാട്‌സണും തനിക്കും ഗർഭസ്ഥ ശിശുവിനെ ഗർഭം അലസൽ മൂലം നഷ്ടപ്പെട്ടതിൻ്റെ ഹൃദയഭേദകമായ വാർത്ത ദമ്പതികൾ പങ്കിട്ടിരിക്കുകയാണ്. 2020 ജൂലൈയിൽ ആയിരുന്നു ദമ്പതികളുടെ വിവാഹ നിശ്ചയം നടന്നത്. രണ്ട് വർഷത്തിന് ശേഷം, 2022 ഏപ്രിലിൽ അവർ ദക്ഷിണാഫ്രിക്കയിൽ വച്ച് വിവാഹിതരായി.

സോഷ്യൽ മീഡിയയിൽ വാട്‌സൺ തന്നെയാണ് ഈ ദുരന്ത വാർത്തയും ആമി ഫർഖുഹറിൻ്റെ ഹൃദയസ്പർശിയായ ഒരു കവിതയും പങ്കുവെച്ചത്. ഈ വെളിപ്പെടുത്തൽ ദമ്പതികൾ പലപ്പോഴും നിശബ്ദതയിൽ സഹിക്കുന്ന വെല്ലുവിളികളുടേയും സങ്കടങ്ങളുടേയും പൂർണ്ണമായ ഓർമ്മപ്പെടുത്തലായി ആരാധകർക്ക് തോന്നുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അധികം ഒന്നും ആക്റ്റീവ് അല്ലാത്ത ആളായിരുന്നു വാട്സൺ.

“ഞാൻ എൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന ആളല്ല, പക്ഷേ ഗർഭം അലസലിൻ്റെ കഠിനമായ സമയങ്ങളിലൂടെ കടന്നുപോയത് ഞാൻ മാത്രമല്ലെന്ന് എനിക്കറിയാം. അതിൽ എനിക്ക് ഒരു ലജ്ജയും തോന്നുന്നില്ല. പകരം എൻ്റെ അനുഭവങ്ങളെയും വികാരങ്ങളെയും കുറിച്ച് തുറന്ന് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ഹൃദയാഘാതത്തിലൂടെ കടന്നുപോകുന്ന സ്ത്രീക്ക് വേണ്ടി ഞാൻ അവിടെ ഉണ്ടായിരിക്കും! ഒരു ദിവസം നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ സംഭവിക്കും ”അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

തന്റെ വ്യത്യസ്‍തമായ ബാറ്റിങ് സ്റ്റൈലിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം നേടിയ ആളാണ് കോൺവേ.

Read more