2023-ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ടീമിനെ നയിക്കുമ്പോൾ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ചരിത്രത്തിലേക്ക് കണ്ണുംനട്ട് നിൽക്കുകയാണ്. ഓസ്‌ട്രേലിയ ആറാം ലോകകപ്പ് കിരീടം നേടി തങ്ങളുടെ ലോക വേദിയിലെ അപ്രമാദിത്വം ഉറപ്പിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
തുടർച്ചയായ രണ്ട് തോൽവികളോടെയാണ് തങ്ങളുടെ കാമ്പെയ്‌ൻ ആരംഭിച്ചത്. ശേഷം തുടർച്ചയായി ഏഴ് വിജയങ്ങളുമായി സെമിഫൈനലിലേക്ക് കുതിച്ചു. സെമിഫൈനലിൽ, അവർ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി, ഇതുവരെ കളിച്ച പത്ത് മത്സരങ്ങളിലും വിജയിച്ച ഇന്ത്യയുമായി കളിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് ആവേശകരമായ പോരാട്ടം ആണ്.
അവസാന 8 മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ ഒരു മത്സരം കൂടി ജയിച്ച് ലോകകപ്പ് നേടുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ആ യാത്രയിൽ സ്വപ്‌നങ്ങൾ തകർത്തെറിയാൻ കഴിയുന്ന ഒരാൾ ഇന്ത്യയുടെ ഫോമിലുള്ള ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയാണ്. ഈ ലോകകപ്പിൽ തകർപ്പൻ ഫോമിലുള്ള താരം ഓസ്‌ട്രേലിയൻ ക്യാമ്പിനെ പേടിപ്പിക്കുന്നുണ്ട്.
ഫൈനലിന് മുമ്പ്, മുഹമ്മദ് ഷമി ഓസ്‌ട്രേലിയക്ക് വലിയ ഭീഷണിയാകുമെന്ന് പാറ്റ് കമ്മിൻസ് സമ്മതിച്ചു. അതേസമയം, ഫോമിലുള്ള പേസറെ കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് ഓസ്‌ട്രേലിയൻ നായകൻ വ്യക്തമാക്കി. അദ്ദേഹത്തെ സഹതാരങ്ങൾ തന്നെ ഒരുപാട് നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞു.
Read more
“അദ്ദേഹം ഈ ലോകകപ്പ് വേദിയിൽ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ ഞങ്ങളുടെ താരങ്ങൾ അവനെ ഒരുപാട് തവണ നേരിട്ടിട്ടുണ്ട് . അതിനാൽ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം അവനെതിരെ നടത്തും ”അദ്ദേഹം കൂട്ടിച്ചേർത്തു.