ഐപിഎൽ 2024 ലെ തങ്ങളുടെ രണ്ടാം തോൽവിക്ക് പിന്നാലെ എന്താണ് തോൽവിക്ക് കാരണം എന്ന് പറഞ്ഞ് വിശദീകരിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇംപാക്ട് പ്ലെയർ വൈശാഖ് വിജയ് കുമാർ രംഗത്ത് എത്തി. ആർസിബിയുടെ രണ്ടാം ഇന്നിംഗ്‌സിൽ വൈശാഖ് വിജയ് കുമാർ ഇംപാക്ട് പ്ലെയറായി ഇറങ്ങി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി ഫിൽ സാൾട്ടിൻ്റെ വിക്കറ്റ് വീഴ്ത്തി.
നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി 182 റൺസ് നേടിയത്. നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 59 പന്തിൽ 83 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോഹ്‌ലിയാണ് ആർസിബിയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. കെകെആറിനായി ഹർഷിദ് റാണ, ആന്ദ്രെ റെസ്സൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സുനിൽ നരെയ്ൻ ഒരു വിക്കറ്റ് വീഴ്ത്തി. കെകെആറിന്റെ ഈ സീസണിലെ രണ്ടാം ജയവും ആർസിബിയുടെ രണ്ടാം തോൽവിയുമാണിത്.
മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ വൈശാഖ് വിജയ് കുമാറിനോട് ബൗളിംഗ് തന്ത്രത്തെക്കുറിച്ച് ചോദിച്ചിരുന്നു. “ഞങ്ങളുടെ ആദ്യ ഇന്നിംഗ്‌സിൽ അവർ നന്നായി പന്തെറിഞ്ഞു. അവരുടെ ചില പന്തുകളിൽ നിന്ന് റൺ സ്കോർ ചെയ്യുക ബുദ്ധിമുട്ടായിരുന്നു. എന്നെ സംബന്ധിച്ച് ചില യോർക്കറുകൾ, ഹാർഡ് ലെങ്ത്, ബൗൺസറുകൾ എന്നിവയൊക്കെ എനിക്ക് നന്നായി എക്സിക്യൂട്ട് ചെയ്യാൻ സാധിച്ചു., ”അദ്ദേഹം പറഞ്ഞു.
“എല്ലാ പുതിയ കളിക്കാരിൽ നിന്നും ഞാൻ പഠിക്കുന്നു. അൽസാരി, വീസ്, ഗ്രീൻ, ലോക്കി തുടങ്ങിയ കളിക്കാരുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് എൻ്റെ ബൗളിംഗിനെ വളരെയധികം സഹായിച്ചു. രണ്ടാം ഇന്നിങ്സിൽ അവർ ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ മഞ്ഞ് വീഴ്ച്ച ഞങ്ങളുടെ ബോളിങ്ങിനെയും ബാധിച്ചു ”അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
പവർപ്ലേയിൽ 80 റൺസ് വിട്ടുകൊടുത്തത് ആത്യന്തികമായി ആർസിബിക്ക് കളി നഷ്ടപ്പെടുത്തിയെന്നും വിജയ് കുമാർ പറഞ്ഞു. “ഈ വിക്കറ്റിൽ ഞങ്ങൾ നല്ല സ്കോർ പടുത്തുയർത്തി, എന്നാൽ ഞങ്ങളുടെ ബാറ്റിംഗ് തുടങ്ങിയ സമയത്ത് സാഹചര്യങ്ങൾ അത്ര അനുകൂലം അല്ലായിരുന്നു. ഞങ്ങളുടെ പവർ പ്ലേ ബാറ്റിങ്ങും അവരുടെ പവർ പ്ലേ ബാറ്റിങ്ങും ആ വ്യത്യാസമാണ് ഞങ്ങൾക്ക് പണി ആയത് ”അദ്ദേഹം പറഞ്ഞു.