ഇന്ത്യയ്‌ക്കെതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആദ്യ ദിനം മുതൽ പന്ത് തിരിയാൻ തുടങ്ങിയാൽ പോലും സന്ദർശകർ പരാതിപ്പെടില്ലെന്ന് ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റൻ ഒല്ലി പോപ്പ് പറഞ്ഞു. ജനുവരി 25 മുതൽ ഹൈദരാബാദിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചു, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് സ്പിന്നർമാരുള്ള ബൗളിംഗ് ആക്രമണം പര്യടനത്തിൽ ഇംഗ്ലണ്ട് നേരിടുന്ന പിച്ചും അതിന്റെ സാഹചര്യങ്ങളെയും സൂചിപ്പിക്കുന്നു.
ഇരു ടീമുകളും ഒരേ ട്രാക്കിൽ കളിക്കുമ്പോൾ തങ്ങൾക്ക് ആശങ്ക ഇല്ലെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ തങ്ങൾ തയാർ ആണെന്നും ഇംഗ്ലണ്ട് താരം പറഞ്ഞു, ഇംഗ്ലണ്ടിന്റെ ബാസ്‌ബോളും ഇന്ത്യൻ സ്പിന്നറുമാരും തമ്മിലുള്ള മത്സരമാണ് പരമ്പരയിൽ ഉണ്ടാകുക എന്നാണ് ആരാധകർ ഉറപ്പിക്കുന്ന കാര്യം.
“പുറത്ത് ധാരാളം ശബ്ദം ഉണ്ടാകും, പിച്ചുകളുടെ സ്വഭാവം ചോദ്യം ചെയ്യപ്പെടാം. പക്ഷേ, രണ്ട് ടീമുകളും ഒരേ പിച്ചിലാണ് കളിക്കുന്നത്. അതുകൊണ്ട് ഞങ്ങൾക്ക് ആശങ്കയില്ല”ദി ഗാർഡിയനോട് സംസാരിക്കുമ്പോൾ ഒല്ലി പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ട്രാക്കുകൾ നിർമ്മിക്കാനും സാഹചര്യങ്ങൾ അവരുടെ നേട്ടത്തിനായി ഉപയോഗിക്കാനും ഇന്ത്യക്ക് അവകാശമുണ്ടെന്ന് ഒല്ലി സമ്മതിച്ചു. “ഇംഗ്ലണ്ടിൽ, ഞങ്ങളുടെ സീമർമാരെ സഹായിക്കാൻ ഞങ്ങൾക്ക് പിച്ചുകളുണ്ട്, അവരുടെ സ്പിന്നർമാരെ സഹായിക്കുന്ന ട്രാക്കുകളുമായി ഇന്ത്യ മുന്നോട്ട് പോകുന്നതിൽ അതിശയിക്കാനില്ല. കുറഞ്ഞ സ്‌കോറിംഗ് മത്സരങ്ങൾ കാണാൻ നല്ലതാണ്,” ഒല്ലി കൂട്ടിച്ചേർത്തു.
Read more
സ്പിന്നിംഗ് പിച്ചുകളെക്കുറിച്ച് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ പരാതിപ്പെടില്ലെന്നും ഒല്ലി പറഞ്ഞു. “ഇന്ത്യയിൽ സ്കോറുകൾ കുറവായിരിക്കാം, ഞങ്ങൾ പരാതിപ്പെടില്ല. അത്തരം ട്രാക്കിൽ റൺസ് സ്കോർ ചെയ്യാനുള്ള വഴി ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്, ”അദ്ദേഹം പറഞ്ഞു.