ബെംഗളൂരുവില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരായ എട്ട് വിക്കറ്റ് വിജയത്തിന് ശേഷം സഹതാരങ്ങളെ പ്രശംസിച്ചു ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം. ആദ്യം ബാറ്റ് ചെയ്യാനാണ് ന്യൂസിലന്‍ഡ് ടീം മാനേജ്മെന്റ് ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ ടോസ് നഷ്ടപ്പെട്ടത് അനുഗ്രഹമായി മാറിയെന്നും ടോം ലാഥം സമ്മതിച്ചു.
ഞങ്ങളും ആദ്യം ബാറ്റ് ചെയ്യാമെന്നാണ് കരുതിയത്. ടോസ് നഷ്ടമായത് നന്നായി. ഞങ്ങള്‍ ശരിയായ സ്ഥലങ്ങളില്‍ ദീര്‍ഘനേരം പന്തെറിഞ്ഞു, ഫലം ലഭിച്ചു. അത് രണ്ട് ഇന്നിംഗ്സുകളും ഞങ്ങള്‍ക്ക് കളി അനുകൂലമാക്കി- ലാഥം പറഞ്ഞു.
മൂന്നാം ഇന്നിംഗ്സില്‍ ഇന്ത്യ തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ രണ്ടാമത്തെ പുതിയ പന്തില്‍ ബോളര്‍മാര്‍ നല്ല രീതിയില്‍ കളി കൈകാര്യം ചെയ്യുകയും ഫലങ്ങള്‍ നേടുകയും ചെയ്തു. ഇന്ത്യ എത്ര ഗുണനിലവാരമുള്ള ടീമാണെന്ന് ഞങ്ങള്‍ക്കറിയാം. പുതിയ പന്ത് എന്താണ് ചെയ്തതെന്ന് ഞങ്ങള്‍ കണ്ടു. ഞങ്ങളോട് അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരു പന്ത് പോലും എറിയാതെ പരമ്പരയിലെ ആദ്യദിനം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നിരുന്നാലും, ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ അതിജീവിക്കുന്നതില്‍ പരാജയപ്പെട്ട അവര്‍ ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന് പുറത്തായി.