മറ്റ് ടീമുകൾ 11 താരങ്ങളുമായി ഇറങ്ങുമ്പോൾ അവർ വരുന്നത് 9 താരങ്ങളുമായി, മുംബൈ ഇന്ത്യൻസിന്റെ തോൽവിക്ക് കാരണം ആ തീരുമാനം: ആകാശ് ചോപ്ര

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് ഉറപ്പിക്കുന്ന ഘട്ടത്തിലേക്ക് രാജസ്ഥാൻ റോയൽസ് എത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ ജോസ് ബട്‌ലറുടെ മാത്രം വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 59 പന്തിൽ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയപ്പോൾ നായകൻ സഞ്ജു സാംസൺ 38 റൺസുമായി പുറത്താകാതെ നിന്നു. 35 റൺസെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ഇതിൽ ജയ്‌സ്വാൾ കൂടി ഫോമിൽ എത്തിയതോടെ ആരും ഭയക്കുന്ന ടീമായി രാജസ്ഥാൻ മാറിയിരിക്കുകയാണ്.

മുംബൈയെ സംബന്ധിച്ച് അവരുടെ മുന്നോട്ടുള്ള യാത്രക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഫലമാണ് ഇന്നലെ പിറന്നത്. തോൽവിയോടെ മുംബൈയുടെ മുന്നോട്ടുള്ള യാത്ര അത്ര ഭംഗിയിൽ പോകില്ല എന്ന കാര്യവും ഉറപ്പാണ്. മുംബൈയുടെ തന്ത്രങ്ങൾക്ക് എതിരെയും ഹാർദികിന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ചകൾക്ക് എതിരെയും വന്നിരിക്കുകയാണ് ആകാശ് ചോപ്ര ഇപ്പോൾ. മൊഹമ്മദ് നബിയെയും റൊമാരിയോ ഷെപ്പേർഡിനെയും പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയാത്തതിനാൽ വെറും ഒമ്പത് കളിക്കാരുമായാണ് മുംബൈ ഇന്ത്യൻസ് കളിക്കുന്നതെന്ന് ആകാശ് ചോപ്ര അവകാശപ്പെട്ടു.

“മൊഹമ്മദ് നബിയെ ബാറ്റിംഗിനും ബൗളിംഗിനും ഉപയോഗിക്കാത്തതിനാൽ ഒമ്പത് കളിക്കാരുമായി ക്രിക്കറ്റ് കളിക്കാനുള്ള അവരുടെ തീരുമാനം എനിക്ക് മനസ്സിലാകുന്നില്ല. എട്ടോ ഒമ്പതോ നമ്പറുകളേക്കാൾ ഉയരത്തിൽ ബാറ്റ് ചെയ്യാനോ ബൗൾ ചെയ്യാനോ അവനെ അനുവദിക്കാൻ അവർ തയ്യാറല്ലെന്ന് തോന്നുന്നു. ഇത് അദ്ദേഹത്തിൻ്റെ കഴിവുകളിൽ വ്യക്തമായ ആത്മവിശ്വാസമില്ലായ്മയാണ് കാണിക്കുന്നത്,” ആകാശ് ചോപ്ര പറഞ്ഞു.

“റൊമാരിയോ ഷെപ്പേർഡ് ബോളിങ്ങിൽ ബുദ്ധിമുട്ടുന്നത് തുടരുകയാണെങ്കിൽ മറ്റ് ബൗളർമാരെ പരിഗണിക്കുക. അദ്ദേഹത്തിൻ്റെ സമീപകാല പ്രകടനം നിരാശാജനകമാണ്. ഒരു ബൗളർ എന്നതിലുപരി ഒരു ബാറ്ററായാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതെങ്കിൽ, നിങ്ങൾ ടീമിൻ്റെ ബാലൻസ് വീണ്ടും വിലയിരുത്തേണ്ടതായി വന്നേക്കാം. ബുംറ ഒഴികെയുള്ള ബോളർമാർ നിരാശപ്പെടുത്തുന്ന സാഹചര്യത്തിൽ നിങ്ങൾ മറ്റ് ഓപ്‌ഷനുകൾ നോക്കണം.” ചോപ്ര കൂട്ടിച്ചേർത്തു.

ഐപിഎൽ 2024 ൽ, അഫ്ഗാൻ ഓൾറൗണ്ടർ നബി ഇതുവരെ കളിച്ച 5 മത്സരങ്ങളിൽ നിന്ന് 9 ഓവർ മാത്രമാണ് പന്തെറിഞ്ഞത്. നേരെമറിച്ച്, ഷെപ്പേർഡ് 10 ഓവർ ബൗൾ ചെയ്തിട്ടുണ്ടെങ്കിലും ടീമിന് ഒരു ഉപകാരവും ചെയ്തിട്ടില്ല.