ധോണിയോ കോഹ്‌ലിയോ? ആരാണ് ഏറ്റവും ധനികനായ ക്രിക്കറ്റ് താരം; 2024ലെ കണക്കുകൾ ഇങ്ങനെ

ക്രിക്കറ്റ് ലോകത്ത് മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്‌ലിയും വെറും പേരുകൾക്കപ്പുറം രണ്ട് ബ്രാൻഡുകളാണ്. രണ്ട് താരങ്ങളും ഇന്ത്യൻ ക്രിക്കറ്റിൽ എന്നല്ല ക്രിക്കറ്റിനെ കുറിച്ച് ധാരണയില്ലാത്ത ആളുകൾക്കിടയിൽ വരെ ജനപ്രിയരാണ്. മഹേന്ദ്ര സിംഗ് ധോണിയോ വിരാട് കോഹ്‌ലിയോ 2024 ലെ കണക്കുകൾ പ്രകാരം ആരാണ് ഏറ്റവും ധനികനായ ക്രിക്കറ്റ് താരം?

ക്രിക്കറ്റിൽ നിന്നും പരസ്യങ്ങളിൽ നിന്നുമായി എംഎസ് ധോണിയുടെ മൊത്തം മൂല്യം പരിശോധിക്കുമ്പോൾ 2024ൽ 1040 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും കൂടുതൽ ബ്രാൻഡ് എൻഡോഴ്‌സ്‌മെൻ്റുകളുടെ പട്ടികയിലും മഹി ഒന്നാമതെത്തിയിട്ടുണ്ട്. ഗൾഫ് ഓയിൽ, റീബോക്ക്, പെപ്സി തുടങ്ങിയ പ്രശസ്ത കമ്പനികൾക്കായി ക്യാപ്റ്റൻ കൂൾ നിലവിൽ പരസ്യം ചെയ്യുന്നു. മൂന്ന് മുതൽ അഞ്ച് കോടി വരെയാണ് ഒരു പരസ്യത്തിന് ധോണി ഈടാക്കുന്നത്.

അതേസമയം ഇപ്പോഴും ഇന്ത്യക്ക് വേണ്ടി ബാഡ് കെട്ടുന്ന വിരാട് കോഹ്‌ലിയുടെ മൊത്തം മൂല്യം 2024ൽ 1050 കോടി രൂപയാണ്. മാത്രമല്ല 2024ൽ വിരാട് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരമായും ടാഗ് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രാൻഡ് അംഗീകാരത്തിൻ്റെ കാര്യത്തിലും വിരാട് കോഹ്‌ലി വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. അഡിഡാസ്, പെപ്‌സി, ഔഡി ഇന്ത്യ, മിന്ത്ര, വൗ തുടങ്ങിയ കമ്പനികൾക്ക് വേണ്ടിയാണ് വിരാട് പരസ്യം ചെയ്യുന്നത്.

ഫിറ്റ്‌നസിൻ്റെ കാര്യത്തിലും വിരാട് കോഹ്‌ലിയും മഹേന്ദ്ര സിംഗ് ധോണിയും പരസ്പരം ഇപ്പോഴും മത്സരിച്ചു കൊണ്ടിരിക്കുന്നു. 40 വയസ്സ് പിന്നിട്ട ധോണിയും നാല്പതിനോട് അടുത്ത് നിൽക്കുന്ന കോഹ്‌ലിയും ഇപ്പോഴും ഫിറ്റ്‌നസ് വിഷയത്തിൽ നിലവിലെ യുവ താരങ്ങൾക്ക് പ്രചോദനമാകുകയും അവരോട് മത്സരിക്കുകയും ചെയ്യുന്നു. നിലവിൽ അന്താരഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്നു. ഓസ്ട്രേലിയ ആതിഥേയരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ മൂന്നാം മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് വിരാട് കോഹ്‌ലി.