ഐപിഎല്ലിൽ ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ഇന്നലെ നടന്ന പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റസിനെ ഒരു വിക്കറ്റിന് തകർത്താണ് ഡൽഹി തകർപ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശർമ്മയാണ് ഡൽഹി ഒരിക്കലും വിചാരിക്കാത്ത ജയം സമ്മാനിച്ചത്. 210 എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി തുടക്കത്തിലെ പതർച്ചക്ക് ശേഷം തോൽവി മണത്തതാണ്. എന്നാൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച അശുതോഷ് ശർമ്മയും വിപ്രജ് നിഗവും അടക്കമുള്ള യുവതാരങ്ങൾ ഡൽഹിക്ക് ജയം സമ്മാനിക്കുക ആയിരുന്നു.
കളിക്കാരുടെ പ്രകടനത്തിൽ സന്തുഷ്ടനായ നായകൻ അക്‌സർ പട്ടേൽ മത്സരശേഷം ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്.
“എന്റെ ക്യാപ്റ്റൻസിയിൽ ഡൽഹി ക്യാപിറ്റൽസ് ഇങ്ങനെ കളിക്കുമ്പോൾ ഇത് ഒരു ശീലമാക്കൂ എന്നാണ് ഞാൻ പറയുന്നത്. ടൂർണമെന്റിൽ എന്റെ തീരുമാനങ്ങൾ ചിലപ്പോൾ ശരിയാക്കാനും തെറ്റാകാനും സാധ്യതയുണ്ട്. നിങ്ങൾക്ക് ചിലപ്പോൾ ദേഷ്യവും സന്തോഷവും തോന്നും. പവർപ്ലേ ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ഇത്ര ഉയർന്ന സ്കോർ പിന്തുടർന്നിട്ടും ഒരു ടീം ഒരു മത്സരം ജയിക്കുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ല. ഞങ്ങൾ വിജയിച്ചതിനാൽ ഇപ്പോൾ ആരും ചോദ്യങ്ങൾ ചോദിക്കില്ല. ”അദ്ദേഹം പറഞ്ഞു.
“ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ ഞങ്ങൾ റൺസ് വഴങ്ങി, ഒരു ക്യാച്ച് പോലും കൈവിട്ടു. എന്നിരുന്നാലും, അവസാന ഏഴ് ഓവറുകളിൽ ഞങ്ങൾ കാര്യങ്ങൾ തിരികെ പിടിച്ചു. വിപ്രജ് നിഗം കഴിവുള്ളവനാണ്, അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ കളിപ്പിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയുടെ സ്റ്റബ്‌സ് ഒരു ഓവറിൽ 28 റൺസ് വഴങ്ങിയപ്പോൾ, സമീർ റിസ്‌വി 30 പന്തിൽ നിന്ന് 75 റൺസ് നേടിയ നിക്കോളാസ് പൂരന്റെ ക്യാച്ച് കൈവിട്ടു.