ദൈവത്തിന്റെ പോരാളികള്‍ ആദ്യ മത്സരം തോറ്റേ തുടങ്ങാറുള്ളു. എല്ലാ സീസണിലെയും ആദ്യ മത്സരം തോല്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനെ കുറിച്ച് ആരാധകര്‍ പറഞ്ഞ് മടുത്ത വാക്കുകളാണിത്. തുടരെ 11 സീസണുകളിലായി ആദ്യ മത്സരം തോല്‍ക്കുന്ന ശീലം മുംബൈ മാറ്റിയിട്ടില്ല. ഇപ്പോഴിതാ ഇതിലെ നിരാശ പങ്കുവെച്ചിരിക്കുകയാണ് മുംബൈ മുന്‍ താരവും നിലവിലെ അവരുടെ ബോളിംഗ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ട്.
മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള എന്റെ ഒമ്പതാമത്തെ സീസണാണിത്. എന്നാല്‍ ഈ ഒമ്പത് സീസണിലും ആദ്യ മത്സരങ്ങള്‍ ഞങ്ങള്‍ ജയിച്ചിട്ടില്ല. ഇത് ശരിക്കും നിരാശയുണ്ടാക്കുന്നത്. ആരും തോല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. തോല്‍വികളേക്കാള്‍ കൂടുതല്‍ ജയമാണ് വേണ്ടത്. ഇത്തരമൊരു തുടക്കം വളരെ പ്രയാസമുണ്ടാക്കുന്നതാണ്.
ചിന്നസ്വാമിയില്‍ വീണ്ടും കളിക്കാനിറങ്ങിയതില്‍ സന്തോഷമുണ്ട്. അവിടുത്തെ സാഹചര്യം വളരെ സന്തോഷം നല്‍കുന്നതാണ്. ഇടവേളക്ക് ശേഷമാണ് ഐപിഎല്ലില്‍ ഇത്തരമൊരു സാഹചര്യമുണ്ടാവുന്നത്. ഇത്തവണ മുംബൈക്കൊപ്പം മികച്ച യുവതാരങ്ങളുണ്ട്. അവരെല്ലാം കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അനുഭവസമ്പത്തിന് പ്രാധാന്യമേറെയാണ്.
ഐപിഎല്‍ പഴയ രൂപത്തിലേക്കെത്തിയതില്‍ എല്ലാവരും സന്തുഷ്ടരാണ്. ആരാധകരുടെ ആര്‍പ്പുവിളികളില്‍ നിന്ന് വലിയ ഊര്‍ജം ലഭിക്കുന്നു. ഈ ആരാധകരും അവരുടെ ആവേശവും സവിശേഷമാണ്- ഷെയ്ന്‍ ബോണ്ട് പറഞ്ഞു.
Read more
ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റിനാണ് ആര്‍സിബിയോട് പരാജയപ്പെട്ടത്. തൊട്ടതെല്ലാം രോഹിത്തിനും സംഘത്തിനും പിഴക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ബാറ്റിംഗില്‍ പ്രമുഖരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ബോളിംഗ് നിരയും പരാജയമായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടിയില്‍ ആര്‍സിബി 16.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.