ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഒരു ഇന്ത്യന്‍ താരത്തിന് ദാദയുടെ പ്രത്യേക ആശംസ!

അടുത്ത മാസം ഓസ്ട്രേലിയയ്ക്കെതിരായി നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് അജിങ്ക്യ രഹാനെയ്ക്ക് എല്ലാ ആശംസകളും നേര്‍ന്ന് ബിസിസിഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലി. കിട്ടിയ അവസരം പരമാവധി മുതലാക്കാന്‍ രഹാനെയ്ക്ക് സാധിക്കട്ടെ എന്ന് ഗാംഗുലി ആശംസിച്ചു.

അവസരങ്ങള്‍ എപ്പോഴും വരുന്നതല്ല. അതിനാല്‍ ഡബ്ല്യുടിസി ഫൈനല്‍ സമയത്ത് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ അവസരം ലഭിച്ചാല്‍ അവന്‍ അത് പരമാവധി പ്രയോജനപ്പെടുത്തും. അതിനാല്‍, ഞാന്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു- ഗാംഗുലി പറഞ്ഞു.

2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാനമായി ടെസ്റ്റ് കളിച്ച രഹാനെ ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരുന്നത്. മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു രഹാനെയെ ടീമില്‍നിന്നും ഒഴിവാക്കിയത്. എന്നിരുന്നാലും, രഞ്ജി ട്രോഫി 2022-23, ഐപിഎല്‍ 2023 എന്നിവയിലെ തന്റെ മിന്നുന്ന പ്രകടനത്തിലൂടെ രഹാനെ തന്റെ സ്ഥാനം തിരികെ നേടുകയായിരുന്നു.

Read more

ഡബ്ല്യുടിസി ഫൈനലില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് കെ.എല്‍ രാഹുലിന് പുറത്താകേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്നും ഗാംഗുലി പറഞ്ഞു. ‘ഇത് നിര്‍ഭാഗ്യകരമാണ്. പരിക്കിനെ തുടര്‍ന്ന് ഐപിഎലും ഡബ്ല്യുടിസി ഫൈനലും അദ്ദേഹത്തിന് നഷ്ടമായെന്ന് അറിഞ്ഞു. പരിക്കിന്റെ വ്യാപ്തി ഫിസിയോകള്‍ക്ക് മാത്രമേ പറയാന്‍ കഴിയൂ. പരിക്കുകള്‍ കായികരംഗത്തിന്റെ ഭാഗമാണ്. ഈ ആണ്‍കുട്ടികള്‍ എല്ലാ വര്‍ഷവും കളിക്കുന്നു. അതിനാല്‍ പരിക്കുകള്‍ സംഭവിക്കും. അവന്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.