വനിതാ പ്രീമിയര്‍ ലീഗ്: ആദ്യ പോര് മുംബൈയും ഗുജറാത്തും തമ്മില്‍, ഷെഡ്യൂള്‍ പുറത്ത്

പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ (WPL) ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിച്ചു. ഉദ്ഘാടന പതിപ്പില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്സ് തുടങ്ങി അഞ്ച് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

മാര്‍ച്ച് നാലിന് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഗുജറാത്ത് ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തോടെയാണ് ലീഗ് ആരംഭിക്കുന്നത്. ആദ്യ സീസണില്‍ 20 ലീഗ് മത്സരങ്ങളും 2 പ്ലേഓഫ് ഗെയിമുകളും 23 ദിവസങ്ങളിലായി നടക്കും. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ബ്രാബോണ്‍ സ്റ്റേഡിയത്തിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക.

മാര്‍ച്ച് 5 ഞായറാഴ്ചയാണ് ടൂര്‍ണമെന്റിലെ ആദ്യത്തെ ഡബിള്‍-ഹെഡര്‍ ദിനം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 7.30 ന് ഗുജറാത്ത് ജയന്റ്‌സിനെ യുപി വാരിയേഴ്‌സ് നേരിടും.

Read more

മാര്‍ച്ച് 21ന് സിസിഐയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ യുപി വാരിയേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരം. മാര്‍ച്ച് 24ന് ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് എലിമിനേറ്റര്‍ മത്സരം. ഫൈനല്‍ മാര്‍ച്ച് 26-ന് ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കും.