സ്‌പോണ്‍സര്‍ ചെയ്യാന്‍ ആളില്ല; ഇഷ്ടതാരത്തിന്റെ പേര് ബാറ്റിലെഴുതി ഇറങ്ങി വനിതാ താരം; കാഴ്ചവെച്ചത് വെടിക്കെട്ട് പ്രകടനം

സ്‌പോണ്‍സര്‍ ചെയ്യാന്‍ ആളില്ലാത്തതിനാല്‍ ബാറ്റില്‍ തന്റെ ഇഷ്ടതാരത്തിന്റെ പേരെഴുതിവച്ച് വനിതാ പ്രീമിയര്‍ ലീഗിനിറങ്ങിയ താരം കാഴ്ചവെച്ചത് വെടിക്കെട്ട് പ്രകടനം. യുപി വാരിയേഴ്‌സിന്റെ കിരണ്‍ നവ്ഗിരെയാണ് തന്റെ ആരാധനാ പാത്രമായ എംഎസ് ധോണിയുടെ പേര് ‘എംഎസ്ഡി 07’ എന്ന് ബാറ്റില്‍ എഴുതിവെച്ച് ക്രീസിലെത്തിയത്.

മത്സരത്തില്‍ ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടിനോട് കിടംപിടിക്കുന്ന പ്രകടനം തന്നെയാണ് കിരണ്‍ നവ്ഗിരെയും കാഴ്ചവെച്ചത്. മത്സരത്തില്‍ 43 പന്തില്‍ അഞ്ച് ബൗണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയില്‍ താരം 53 റണ്‍സ് നേടി.

മത്സരത്തില്‍ യുപി വാരിയേഴ്‌സ് ഗുജറാത്ത് ജയന്റ്സിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട യു.പി വാരിയേഴ്‌സ് പിന്നീട് തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ജയം സ്വന്തമാക്കുകയായിരുന്നു.

Read more

ഗുജറാത്ത് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ യു.പി മറികടന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 19 റണ്‍സ് ഒരു പന്ത് ബാക്കി നിര്‍ത്തി അഞ്ചാം ബോളില്‍ യുപി മറികടന്നു.