WTC 2025: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് വാഷ്ഔട്ടായാല്‍ ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെ

കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ ഇപ്പോള്‍ ബംഗ്ലാദേശിനെ നേരിടുകയാണ്. സന്ദര്‍ശകര്‍ക്കെതിരെ വൈറ്റ്വാഷ് പരമ്പര വിജയം ഉറപ്പാക്കാനാണ് ടീം ഇന്ത്യ ഇറങ്ങിയത്. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. എന്നിരുന്നാലും, കളിയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ ഉടനീളം മഴ പെയ്തത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്.

മഴയും മോശം വെളിച്ചവും കാരണം കളി നിര്‍ത്തിയതിനാല്‍ ഒന്നാം ദിവസം വെറും 35 ഓവര്‍ മാത്രമേ എറിയാനായുള്ളൂ. രണ്ടാം ദിനം മഴ കാരണം ഒരു പന്ത് പോലും എറിയാതെ കളി പൂര്‍ണമായും നിര്‍ത്തിവച്ചു. തുടര്‍ന്നും ഇതേ കാലാവസ്ഥ തുടര്‍ന്നാല്‍ മത്സരം റദ്ദാക്കിയേക്കും. രണ്ടാം ടെസ്റ്റ് വാഷ് ഔട്ട് ആയാല്‍ മത്സരം സമനിലയായി പ്രഖ്യാപിക്കും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ 1-0 എന്ന മാര്‍ജിനില്‍ പരമ്പര നേടും. പക്ഷേ വൈറ്റ്വാഷ് പരമ്പര വിജയം നേടുന്നതില്‍ പരാജയപ്പെടും.

മത്സരം കഴുകി കളഞ്ഞാല്‍ അത് WTC ടേബിളില്‍ സമനിലയായി രജിസ്റ്റര്‍ ചെയ്യും. അങ്ങനെ വരുമ്പോള്‍ ജൂണില്‍ ലോര്‍ഡ്സില്‍ നടക്കുന്ന ഡബ്ല്യുടിസി 2025 ന്റെ ഫൈനലില്‍ ഇടം നേടാന്‍ ഇന്ത്യ അവരുടെ അടുത്ത 8 മത്സരങ്ങളില്‍ 4 എണ്ണമെങ്കിലും ജയിക്കേണ്ടി വരും.

ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം ഒക്ടോബറില്‍ സ്വന്തം തട്ടകത്തില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. പിന്നീട് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 5 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. നാട്ടില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടെങ്കിലും ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് സാഹചര്യങ്ങള്‍ കഠിനമാണ്.

Read more