'ഈ പ്രായത്തിൽ അവന് എന്നാ ഒരു ഇതാ'; ലാമിന് യമാലിനെ വാനോളം പുകഴ്ത്തി സ്പെയിൻ പരിശീലകൻ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മികച്ച ഫുട്ബോൾ താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കളിക്കാരനാണ് സ്പാനിഷ് താരമായ ലാമിന് യമാൽ. അന്താരാഷ്ട്ര മത്സരങ്ങളിൽ സ്പെയിന് വേണ്ടിയും ക്ലബ് ലെവൽ മത്സരങ്ങളിൽ ബാഴ്സിലോണയ്ക്ക് വേണ്ടിയും തകർപ്പൻ പ്രകടനം ആണ് യമാൽ നടത്തുന്നത്. യൂറോ കപ്പിൽ അസാധാരണമായ പ്രകടനം ആയിരുന്നു 17കാരനായ ലാമിൻ യമാൽ പുറത്തെടുത്തത്. ഒരു ഗോളും നാല് അസിസ്റ്റും നേടിയ താരം യൂറോ കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.

സ്പൈനിന് വേണ്ടി ട്രോഫി നേടി കൊടുത്തത് കൊണ്ട് മാത്രം അദ്ദേഹത്തിന്റെ കിരീട വേട്ട അവസാനിക്കുന്നില്ല. തന്റെ മാസ്മരിക പ്രകടനം അദ്ദേഹം ബാഴ്‌സയിലും തുടരുന്നുണ്ട്. താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സ്പെയിൻ പരിശീലകനായ ലൂയിസ് ഡി ലാ ഫുവന്റെ.

ലൂയിസ് ഡി ലാ ഫുവന്റെ പറയുന്നത് ഇങ്ങനെ:

” കാലുകൾ കെട്ടിയിട്ടാൽ പോലും അവൻ മികച്ച പ്രകടനം നടത്തുന്നു. അത്രയും മികച്ച താരമാണ് അവൻ. ഈ പ്രായത്തിൽ തന്നെ വ്യത്യസ്തമായ കഴിവുകൾ അദ്ദേഹത്തിനുണ്ട്. 17 വയസ്സ് മാത്രമേ ഉള്ളെങ്കിലും അതിനേക്കാൾ വലിയ പക്വത അവനുണ്ട്. കൂടാതെ വളരെ സൗമ്യമായ രീതിയിലാണ് അവൻ കളിക്കുന്നത്. ബുദ്ധിമുട്ടേറിയ കാര്യങ്ങൾ ചെയ്തുകൊണ്ട് ഒരു ടെക്നിക്കൽ പ്ലെയർ ആയി മാറാൻ അദ്ദേഹത്തിന് കഴിയുന്നു. ഇത്തരം താരങ്ങൾ ചിന്തിക്കാൻ കഴിയാവുന്നതിനുമപ്പുറമുള്ള കാര്യങ്ങൾ ഒരു ബുദ്ധിമുട്ടും കൂടാതെ ചെയ്യും. യമാലും നിക്കോയും അടുത്ത സുഹൃത്തുക്കളാണ് എന്ന കാര്യത്തിലും ഞാൻ വളരെയധികം സന്തോഷവാനാണ് “ലൂയിസ് ഡി ലാ ഫുവന്റെ പറഞ്ഞു.

ബാഴ്‌സയ്ക്ക് വേണ്ടി ആദ്യ പ്ലെയിങ് സ്‌ക്വാഡിൽ എപ്പോഴും ഉള്ള താരമാണ് ലാമിന് യമാൽ. എന്നാൽ ഒരുപാട് മത്സരങ്ങൾ കളിക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യപരമായ കാര്യങ്ങളിൽ ആരാധകർക്ക് ആശങ്കയുണ്ട്. സ്പെയിനിന്റെ മത്സരങ്ങളിലും അദ്ദേഹം കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.