'മെസി ഒരു സംഭവം തന്നെ'; ഇന്റർ മിയാമി ക്ലബ്ബിനെ ഉയരത്തിൽ എത്തിച്ച് താരം

അമേരിക്കൻ ലീഗിൽ ഇപ്പോ മെസിയാണ് താരം. ഇന്റർ മിയാമിയുടെ സമയം തെളിഞ്ഞത് താരത്തിന്റെ വരവോടു കൂടിയാണ്. ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ ടോറോന്റോ എഫ്സിയെ പരാജയപെടുത്തിയിരിക്കുകയാണ് ഇന്റർ മിയാമി. മത്സരത്തിന്റെ അവസാനത്തിൽ കംപാന നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ലയണൽ മെസ്സി മത്സരത്തിന്റെ അവസാനത്തെ 30 മിനിറ്റ് മാത്രമാണ് കളിച്ചിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തോടു കൂടി ഇന്റർ മിയാമി എംഎൽഎസ്സ് ഷീൽഡ് സ്വന്തമാക്കിയിരുന്നു. 33 മത്സരങ്ങളിൽ നിന്നായി 71 പോയിന്റാണ് ഇന്റർ മിയാമിക്ക് ഉള്ളത്. ഇനിയുള്ള റെഗുലർ സീസണിൽ ഒരു മത്സരം മാത്രമാണ് ടീമിന് ബാക്കിയുള്ളത്. അതിലും വിജയിച്ചാൽ ഇന്റർ മിയമിക്ക് അമേരിക്കൻ ലീഗിൽ പുതിയ ചരിത്രം കുറിക്കാൻ സാധിക്കും.

അമേരിക്കൻ ലീഗിൽ എംഎൽഎസ്സ് ഷീൽഡ് സ്വന്തമാക്കിയ ഏറ്റവും കൂടുതൽ പോയിന്റുകൾ ഉള്ള ടീം എന്ന റെക്കോഡ് ആണ് ടീമിന് ലഭിക്കാൻ പോകുന്നത്. 2021ൽ കിരീടം നേടിയ ന്യൂ ഇംഗ്ലണ്ട് റവല്യൂഷൻ ആണ് ഈ റെക്കോർഡ് ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത്. അന്ന് 73 പോയിന്റ് ആയിരുന്നു അവർ നേടിയിരുന്നത്. അതെ ടീമിനെതിരെയാണ് ഇന്റർ മിയമിക്ക് ഇനിയുള്ള മത്സരങ്ങൾ അവശേഷിക്കുന്നത്. അതിൽ വിജയിച്ചാൽ റെക്കോഡ് ഹോൾഡേഴ്സിനെ മറികടന്ന് പുതിയ റെക്കോഡ് നേടാൻ അവർക്ക് സാധിക്കും.

ഇന്റർ മിയാമി ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയത് ലയണൽ മെസിയുടെ വരവോടു കൂടിയാണ്. മെസി എഫക്ട് എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. രണ്ട് കിരീടങ്ങൾ ഇതിനോടകം തന്നെ സ്വന്തമാക്കാൻ ഇന്റർമയാമിക്ക് കഴിഞ്ഞിട്ടുണ്ട്. ഏതായാലും ഇനി MLS കപ്പ് കൂടി സ്വന്തമാക്കുക എന്നുള്ളതായിരിക്കും ഇന്റർമയാമിയുടെ ലക്ഷ്യം.

Read more