ഇപ്പോൾ നടക്കുന്ന യുവേഫ നേഷൻസ് ലീഗിൽ തുടർച്ചയായി രണ്ടാം ജയം സ്വന്തമാക്കിയ പോർച്ചുഗൽ മികച്ച രീതിയിൽ മുന്നേറുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ സ്കോട്ലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കരുത്തരായ പോർച്ചുഗൽ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വിജയ ഗോൾ നേടിയത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആയിരുന്നു. മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ച വെച്ചത്.
ഇന്നത്തെ മത്സരത്തിൽ ആദ്യ പ്ലെയിങ് ഇലവനിൽ റൊണാൾഡോ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ക്രിസ്റ്റ്യാനോ ഇറങ്ങിയത്. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് പോർച്ചുഗൽ തന്നെ ആയിരുന്നു. മത്സരത്തിന്റെ 88 ആം മിനിറ്റിലായിരുന്നു റൊണാൾഡോ വിജയ ഗോൾ നേടിയത്. ഒരു ഗോൾ കൂടെ സ്വന്തമാക്കിയതോടൊപ്പം പുതിയ നേട്ടം കൂടെ താരം കൈവരിച്ചിരിക്കുകയാണ്. 48 വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് അദ്ദേഹം നേടിയത്.
കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ ഗോൾ നേടിയപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. സ്കോട്ലൻഡിനെതിരെ ഉളള മത്സരത്തിൽ ആദ്യം ഗോൾ നേടി ലീഡ് ചെയ്യ്തത് അവരായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലെ 55 ആം മിനിറ്റിലാണ് പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസ് ഗോൾ നേടിയത്. ഒടുവിൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ റൊണാൾഡോ വിജയ ഗോൾ നേടി.
ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ വിജയിച്ചതോടെ ആറ് പോയിന്റുകളുമായി പോർച്ചുഗൽ തന്നെ ആണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇനിയുള്ള മത്സരം ഒക്ടോബർ 13 ആം തിയതി പോളണ്ടിനെതിരെ ആയിട്ടാണ് പോർച്ചുഗൽ ഏറ്റുമുട്ടുക. അന്നത്തെ മത്സരത്തിലും ക്രിസ്റ്റ്യാനോ മികച്ച പ്രകടനം നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.