'കുറെ നാളത്തെ കലിപ്പ് അങ്ങ് തീർത്തു'; ലാലിഗയിൽ എംബാപ്പയുടെ ഇരട്ട ഗോൾ നേട്ടത്തിൽ റയൽ മാഡ്രിഡിന് വിജയകുതിപ്പ്

ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ ഫ്രഞ്ച് താരം കൈലിയൻ എംബാപ്പയുടെ ഗംഭീര പ്രകടനത്തിൽ റയൽ ബെറ്റീസിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് വിജയ കുതിപ്പ് തുടർന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ വിജയിച്ചത്. ലാലിഗ തുടങ്ങിയിട്ട് ഇത്രയും മത്സരങ്ങൾ ആയിട്ടും എംബപ്പേ ഒരു ഗോൾ പോലും നേടിയിരുന്നില്ല. ഇന്നത്തെ മത്സരത്തിൽ ഇരട്ട ഗോളുകളാണ് താരം ടീമിനായി നേടിയത്.

ഇന്നത്തെ മത്സരത്തിൽ വിജയിച്ചതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് റയൽ മാഡ്രിഡ് ഉയർന്നു. ലാലിഗയിൽ റയൽ കളിച്ച മൂന്ന് കളിയിൽ രണ്ട് കളിയും സമനില ആയിരുന്നു. ഇന്നത്തെ മത്സരം അവർക്ക് നിർണായകമായിരുന്നു. ഇന്നത്തെ മത്സരം കൂടെ പരാജയപ്പെട്ടിരുന്നെങ്കിൽ അവർ ആറാം സ്ഥാനത്ത് നിലയുറപ്പിച്ചേനെ. ഒറ്റ ജയം കൊണ്ടാണ് അവർ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്.

മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് റയൽ മാഡ്രിഡ് തന്നെ ആയിരുന്നു. 60 ശതമാനം പൊസിഷനും അവർക്കായിരുന്നു. ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് റയൽ ബെറ്റീസ് ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. പോയിന്റ് ടേബിളിൽ ബാഴ്‌സലോണയാണ് ഒന്നാമതായി നിൽക്കുന്നത്. നാല് മത്സരങ്ങളിലും നാല് വിജയം അവർ നേടി. റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം സെപ്റ്റംബർ 15 ന് റിയൽ സൊസൈഡാഡുമായിട്ടാണ്.