മുർഷിദ് രാമൻകുളം
ദൈവം ഒരു മനുഷ്യനെയും പൂർണ്ണനായി സൃഷ്ടിക്കില്ല എന്ന തത്വം ശരിവെക്കുന്നതാണ് റൊണാൾഡോ നസാരിയോ ഡി ലിമയുടെ കരിയർ. ദൈവം അയാളുടെ കാലുകൾക്ക് പ്രതിഭയെ വാരിക്കോരി നൽകിയപ്പോൾ പരിക്കെന്ന വിധിയിലൂടെ അതേ ദൈവം തന്നെ അയാളെ വേട്ടയാടി. ഒരുപക്ഷെ പരിക്കിന്റെ കരാളഹസ്തങ്ങൾ അയാളെ പിടികൂടിയിരുന്നില്ലായിരുന്നുവെങ്കിൽ അയാൾ എത്രത്തോളം ഉയരങ്ങൾ കീഴടക്കുമെന്നുള്ളത് നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമായേക്കാമായിരുന്നു. പക്ഷെ വിധിയുടെ വിളയാട്ടം അയാളെ നേട്ടങ്ങളുടെ കൊടുമുടികൾ താണ്ടുന്നതിൽ നിന്ന് പിറകോട്ട് വലിച്ചു.
റിയോഡി ജനീറയിലെയും സാവോപോളയിലെയും ബാഹിയയിലെയും ഫവേലകളിൽ ഉദയം ചെയ്യുന്ന പ്രതിഭകൾക്ക് കയ്യും കണക്കുമുണ്ടോ. ഒരു കാലത്ത് ആക്രമണങ്ങളും പിടിച്ചുപറിയും മയക്കുമരുന്നുകളും മാത്രം ഉപജീവനമാക്കിയിരുന്ന ആ ജനതയെ ജീവിക്കാൻ പഠിപ്പിച്ചത് കാറ്റു നിറച്ച തുകൽപന്തായിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ള പോലെ വിനോദത്തിന്റേതല്ല, അതിജീവനത്തിന്റെ ഫുട്ബോൾ ! ആ ഫവേലകളിൽ നിന്ന് ദൈനംദിനം പ്രതിഭകൾ ഓരോന്നായി ഉദയം ചെയ്തിട്ടും റൊണാൾഡോ എന്ന പ്രതിഭാസത്തിന് പകരം വെക്കാൻ, അതല്ലെങ്കിൽ അയാളോടൊന്ന് താരതമ്യം ചെയ്യാൻ പോലും ഒരാളും വന്നില്ലെന്ന് പറയുന്നത് എത്ര അതിശയകരമാണ്?
പ്രതിഭാസങ്ങളിലെ പ്രതിഭാസം എന്നാണ് ആ മനുഷ്യനെ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. ഒരിക്കൽ പോലും റൊണാൾഡോയുടെ കളി ലൈവായി കാണാൻ സാധിക്കാത്ത എനിക്ക് അയാളെ അങ്ങനെ വിശേഷിപ്പിക്കാനുള്ള ചേതോവികാരമെന്താണെന്ന് എനിക്ക് തന്നെ പിടികിട്ടുന്നില്ല. തളർച്ചകളും പരിക്കുകളും അപവാദങ്ങളും നിറഞ്ഞ ഒരു സന്ദർഭത്തെ തരണം ചെയ്തു കൊണ്ട് വേൾഡ് കപ്പും ബാലൺ ഡിയോറും അയാൾ നേടിയെങ്കിൽ, പരിക്കയാളെ തളർത്തിയിരുന്നില്ലായെങ്കിൽ എന്ന് നിങ്ങൾ ആശിച്ചിരുന്നിട്ടുണ്ടോ? ഒരുപക്ഷെ പരിക്ക് പിടികൂടാതെ അയാൾ കരിയർ മൊത്തം കളിച്ചിരുന്നുവെങ്കിൽ അയാൾ എത്തിപിടിക്കുമായിരുന്ന നേട്ടങ്ങളെ കുറിച്ച് എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ? സങ്കല്പിക്കാനാവുമായിരുന്നോ? അതായിരുന്നു റൊണാൾഡോ.
ഒരു ബ്രസീലിയൻ ആരാധകൻ എന്ന നിലക്ക് എനിക്ക് സംഭവിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ നഷ്ടമാണ് റൊണാൾഡോയുടെ കളി ലൈവായി കാണാനുള്ള ഭാഗ്യം ഇല്ലാതെ പോവുക എന്നുള്ളത്. 2002-ലെ വേൾഡ് കപ്പിന്റെ ഫൈനലിൽ വിമർശകരുടെ വായക്ക് ആ മനുഷ്യൻ കാല് കൊണ്ട് താഴിട്ടു പൂട്ടുമ്പോൾ ഈയുള്ളവന് നാല് വയസ്സാണ്. സാഹചര്യങ്ങളും കാലവും ആ മനുഷ്യന്റെ കളി കാണാൻ എന്നെ അനുവദിച്ചില്ല. വളർന്ന് വലുതായി സെലസാവോകളെ നെഞ്ചിലേറ്റാൻ തുടങ്ങിയപ്പോഴേക്കും ആ മനുഷ്യൻ ബൂട്ടുകളഴിച്ചു തുടങ്ങിയിരുന്നു. യൂട്യൂബിൽ കിട്ടുന്ന ചലനദൃശ്യങ്ങളാണ് എന്നെ പോലെയുള്ളവരെ കുറച്ചെങ്കിലും ആ ഇതിഹാസത്തിന്റെ പ്രതിഭയുടെ ആഴമളക്കാൻ സഹായിച്ചത്. പക്ഷെ ഏറ്റവും മികച്ചതിൽ മികച്ചത് മാത്രമേ അവിടെ ലഭിക്കുകയൊള്ളൂ. കാലിൽ പന്ത് ലഭിച്ചാൽ അയാൾ തീർക്കുന്ന മായാജാലങ്ങൾ കണ്ണിമവെട്ടാതെ കാത്തിരുന്ന് കണ്ട ആ ജനതയായിരുന്നു ഭാഗ്യവാൻമാർ.
പന്ത് തട്ടിയിടത്തെല്ലാം പൊന്നു വിളയിച്ച അപൂർവങ്ങളിൽ അപൂർവമായ താരമാണ് റൊണാൾഡോ. ബ്രസീലിലും ക്രൂസെയ്റോയിലും, പിഎസ്വിയിലും, ബാഴ്സയിലും ഇന്റർമിലാനിലും, റയൽ മാഡ്രിഡിലും എസി മിലാനിലും കൊറിന്ത്യൻസിലും അയാൾ തന്റെ പ്രതിഭയോട് നീതിപുലർത്തിയട്ടെയൊള്ളൂ. ഇതിഹാസങ്ങൾ അരങ്ങുവാണ ബ്രസീലിന്റെ മഞ്ഞജേഴ്സിയിലും അയാൾ പൊന്നുവിളയിച്ചു. പെലെക്ക് പിന്നിൽ രണ്ടാമനായി ആ പ്രതിഭ തലയുയർത്തി നിൽക്കുന്നു. കൈപ്പിടയിലൊതുക്കാത്ത നേട്ടങ്ങൾ ആ മനുഷ്യനെ സംബന്ധിച്ചെടുത്തോളം വളരെ വിരളമായിരുന്നു. ഒടുവിൽ രോഗങ്ങൾ തന്റെ ശരീരത്തെ തളർത്തിയപ്പോഴും, ശരീരഭാരം വർധിച്ചപ്പോഴും ഗുരുതരമായ പരിക്കുകൾ നിരന്തരം വേട്ടയാടിയപ്പോഴും അയാൾ മനസ്സില്ലാ മനസ്സോടെ ആ തീരുമാനമെടുത്തു. ബൂട്ടഴിക്കാൻ. ഫുട്ബോൾ ലോകത്തെ സംബന്ധിച്ചെടുത്തോളം അത് ഫുട്‍ബോളിന്റെ നഷ്ടമായിരുന്നു.
വേൾഡ് കപ്പ്, കോപ്പ അമേരിക്ക, കോൺഫെഡറെഷൻ കപ്പ്, കോപ്പ ഡെൽ റേ, യുവേഫ കപ്പ്, സൂപ്പർ കോപ്പ, ലാലിഗ, ഇന്റർകോണ്ടിനെന്റൽ കപ്പ്, എല്ലാം തന്നെ അയാൾ തന്റെ ടീമുകളോടൊപ്പം നേടി. കൂടാതെ ഫിഫ വേൾഡ് പ്ലയെർ ഓഫ് ദി ഇയർ, ബാലൺ ഡിയോർ, സിരി എ ഫുട്ബോൾ ഓഫ് ദി ഇയർ, യുവേഫ ക്ലബ് ഫുട്‍ബോളർ ഓഫ് ദി ഇയർ, വേൾഡ് കപ്പ് ഗോൾഡൻ ബോൾ, വേൾഡ് കപ്പ് ഗോൾഡൻ ഷൂ, റയൽ മാഡ്രിഡ് ഹാൾ ഓഫ് ഫെയിം അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വ്യക്തിഗത നേട്ടങ്ങൾ ആ മനുഷ്യൻ നേടിയെടുത്തു. ക്ലബിനും രാജ്യത്തിനും വേണ്ടി ഒരുപോലെ ഇത്രയധികം നേട്ടങ്ങൾ കൈവരിച്ച ഒരു താരത്തെ പരിക്കുകൾ വേട്ടയാടിയില്ലായിരുന്നുവെങ്കിൽ റൊണാൾഡോ എന്ന താരത്തിന് വേണ്ടി ഒരു റെക്കോർഡ് പുസ്തകം തന്നെ നാം തയ്യാറാക്കി വെക്കേണ്ടി വന്നേനെ.
യൂട്യൂബിലെ ചലനദൃശ്യങ്ങൾ കണ്ടു അയാളെ വിലയിരുത്താൻ സാധ്യമല്ല. പക്ഷെ അയാൾ നടത്തിയ മാന്ത്രികനീക്കങ്ങളും ചടുലതയും പന്തിന്മേലുള്ള അപാരനിയന്ത്രണവും ഞൊടിയിടയിലുള്ള ഫിനിഷിങ്ങുമൊക്കെ വിസ്മരിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ എനിക്കാവില്ല.
ബോക്സിനകത്തോ, വെളിയിലോ ആയിക്കോട്ടെ, പന്ത് ലഭിച്ച് കഴിഞ്ഞാൽ അയാൾ എന്ത് ചിന്തിക്കുമെന്നോ അയാളുടെ നീക്കങ്ങൾ എവിടെക്കായിരുക്കുമെന്നോ ചിന്തിക്കാൻ പ്രതിരോധനിരക്ക് സമയം ലഭിച്ചിരുന്നില്ല. അവർ ചിന്തിച്ചു തുടങ്ങുന്നിടത്ത് അയാൾ പ്രവർത്തിച്ചു തീരുമായിരുന്നു. അതായിരുന്നു റൊണാൾഡോ എന്ന മനുഷ്യന്റെ പ്രതിഭാപാടവം.
പന്ത് ലഭിച്ചു കഴിഞ്ഞാൽ അയാളോളം അപകടകാരി മറ്റാരുമില്ലെന്ന് അയാളുടെ സമകാലികരായിരുന്ന പലരും സാക്ഷ്യപ്പെടുത്തുന്നു. സാക്ഷാൽ ഒലിവർ ഖാൻ പോലും വേൾഡ് കപ്പ് ഫൈനലിന്റെ വലിയ വേദിയിൽ അയാൾക്ക് മുന്നിൽ നിഷ്കരുണം കീഴടങ്ങി. ആ സംഭവവികാസങ്ങൾ പലതവണ തന്റെ ഉറക്കം കെടുത്തിയതായി ഒലിവർ ഖാൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. റൊണാൾഡോയെ തടയാൻ ഒരു പ്രത്യേക ടാക്ടിക്സൊ സമ്പ്രദായമോ നിലവില്ലായിരുന്നു എന്നാണ് സിനദിൻ സിദാൻ സാക്ഷ്യപ്പെടുത്തിയത്. ഒരു വീഡിയോ ഗെയിമിലെ താരത്തെ പോലെ അസാമാന്യപ്രതിഭയായിരുന്നു റൊണാൾഡോ എന്നാണ് മുൻ ഫ്രഞ്ച് ഫുട്‍ബോളർ മാർസെൽ ടെസെയ്ല്ലി സാക്ഷ്യപ്പെടുത്തിയത്.
ഇയാൾക്ക് പകരമാവാൻ കാനറികൾക്കിടയിൽ ഇനിയൊരാൾ ജനിക്കണമെന്നില്ല. പക്ഷെ ഇയാളെ പോലെയുള്ള ഒരാളെയെങ്കിലും ബ്രസീലിയൻ ഫുട്ബോളിന് ലഭിക്കണമേയെന്നാണ് ആരാധകരുടെ പ്രാർത്ഥന. എല്ലാം കൊണ്ടും പ്രതിസന്ധികൾ മാത്രം നിറഞ്ഞ അയാളുടെ കരിയർ, ഇപ്പോഴും ദിവസേന ചർച്ചചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് തന്നെയാണ് ആ പ്രതിഭാസത്തിന്റെ വിജയം.
Read more
(ബ്രസീൽ താരങ്ങളുടെ ജീവിതം പറയുന്ന കാനറിപെരുമ എന്ന പുസ്തകം എഴുതിയ ലേഖകൻ റാഫ് ടോക്ക് യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്)