ചെൽസിയുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി അല്ലാത്ത മറ്റ് ടീമുകൾക്ക് വൈറ്റ് സോക്സ് ധരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെളുത്ത സോക്സ് ധരിക്കാൻ അനുവാദമുള്ള ഏക ടീം ചെൽസിയാണ്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ്, യൂറോപ്പ ലീഗ്, ലീഗ് കപ്പ് ഇങ്ങനെ മത്സരം എന്തുതന്നെയായാലും, ചെൽസിയുടെ ഹോമിൽ നിങ്ങളുടെ വൈറ്റ് സോക്സ് അഴിച്ചുവെച്ച് വന്നേ പറ്റൂ. ഒന്നുകിൽ വെളുത്ത സോക്സുകളില്ലാത്ത കിറ്റുകൾ ഉപയോഗിക്കുക അല്ലെങ്കിൽ വെളുത്ത സോക്സുകൾ കൊണ്ട് രൂപകൽപ്പന ചെയ്ത കിറ്റിൽ നിന്നും വൈറ്റ് സോക്സ് മാറ്റുക.
1964/1965 സീസണിലാണ് ഈ നിയമം നടപ്പിലാക്കുന്നത്. അക്കാലത്ത് ചെൽസിയുടെ മാനേജർ ടോമി ഡോഗെർട്ടി ആയിരുന്നു. അദ്ദേഹം പരമ്പരാഗതമായ കറുപ്പോ നീലയോ സോക്സുകൾക്ക് പകരം വെള്ളയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഈ മാറ്റം ചെൽസിയെ സ്റ്റാൻഡുകളിൽ നിന്ന് വേറിട്ട് നിൽക്കാനും ആരാധകർ പെട്ടെന്ന് സ്വീകരിക്കുന്ന ഒരു സവിശേഷമായ ശൈലി സൃഷ്ടിക്കാനും വേണ്ടിയാണ് ചെയ്തിരുന്നത്.
എന്നാൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ഈ നിയമം ഇന്നും പ്രാബല്യത്തിൽ തുടരുന്നു. ചെൽസിയുടെ ഹോം ഗ്രൗണ്ട് സ്റ്റാൻഫോർഡ് ബ്രിഡ്ജ് സന്ദർശിക്കുന്ന ഓരോ ടീമും അവരുടെ സോക്‌സിൻ്റെ നിറം മാറ്റിയിരിക്കണം. സ്ഥിരമായി വൈറ്റ് സോക്‌സുകൾ മാത്രം ധരിക്കുന്ന റയൽ മാഡ്രിഡ് കറുത്ത സോക്സ് ധരിച്ചാണ് സ്റ്റാംഫോർഡ് ബ്രിഡ്ജ് സന്ദർശിക്കുന്നത്. കഴിഞ്ഞ സീസണിൽ ചെൽസിയുടെ നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി അവർ ചാമ്പ്യൻസ് ലീഗിൽ നേവി ബ്ലൂ സോക്സുകൾ ധരിച്ചിരുന്നു. 1955 സീസണുകളിൽ മാത്രം കറുത്ത സോക്സ് ധരിച്ചിരുന്ന റയൽ മാഡ്രിഡ് സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ അത് പതിവാക്കുന്നു.
എന്നിരുന്നാലും, ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ അവരുടെ നിയമങ്ങൾ മാനിക്കപ്പെടണം. കാരണം അവിടെ കളിക്കുന്ന എല്ലാ മത്സരങ്ങളിലും ടീം അതിൻ്റെ തനതായ ഐഡൻ്റിറ്റി നിലനിർത്തുന്നുവെന്ന് അവർ ഉറപ്പാക്കുന്നു. ഒട്ടും കാല്പനികതയില്ലാതെ വീക്ഷിക്കുമ്പോൾ മൗന ഉടമ്പടിയാലോ അലിഖിത നിയമമോ കൊണ്ടല്ല ഈ തീരുമാനം ക്ലബ്ബുകൾ അംഗീകരിക്കാൻ തയ്യാറായത് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ബ്രോഡ്കാസ്റ്റിംഗ് ഡീലുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ കാര്യമാണിത്. ഓരോ ഫുട്ബോൾ മത്സരത്തിലും കളിക്കാരുടെ കിറ്റുകളുടെ ഏതെങ്കിലും ഭാഗത്ത് എതിർ ടീമുകളുടെ അതേ നിറം ധരിക്കാൻ അനുവദിക്കുന്നില്ല.