ക്രിസ്റ്റ്യാനോയെ എന്തിന് പുറത്തിരുത്തി?; മറുപടി നല്‍കി പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്

സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്. തീരുമാനത്തിന് പിന്നില്‍ വ്യക്തിപരമായി ഒന്നുമില്ലെന്നും അത് ടീം തന്ത്രത്തിന്റെ ഭാഗമായിരുന്നെന്നും സാന്റോസ് പറഞ്ഞു.

ടീം തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തത്. ക്രിസ്റ്റ്യാനോയും റാമോസും വ്യത്യസ്ത രീതിയില്‍ കളിക്കുന്നവരാണ്. ടീമുമായോ ക്രിസ്റ്റ്യാനോയുമായോ ഒരു പ്രശ്നവുമില്ല.

ഡിയാഗോ ഡാലറ്റ്, റാഫേല്‍ ഗ്വറീറോ എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ തന്നെ അവസരങ്ങള്‍ നല്‍കാനാണ് തീരുമാനിച്ചത്. കാന്‍സെലൊ മികച്ച താരം അല്ലാത്തതു കൊണ്ടല്ല അദ്ദേഹത്തെയും പുറത്തിരുത്തിയത്, അതൊരു ടീം തന്ത്രമായിരുന്നു. അടുത്ത മത്സരത്തില്‍ മറ്റൊരു തന്ത്രമായിരിക്കും.

ക്രിസ്റ്റ്യാനോയുമായി ഒരു പ്രശ്‌നവുമില്ല, ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. കളിക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നു. ഇതൊന്നും ഞങ്ങളെ ബാധിക്കില്ല. ഇതൊക്കെ നിരവധി തവണ വിശദീകരിച്ചതാണ്. നായകനെന്ന നിലയില്‍ മികച്ച മാതൃകകള്‍ സൃഷ്ടിച്ചയാളാണ് അദ്ദേഹം- സാന്റോസ് പറഞ്ഞു.

ക്രിസ്റ്റ്യാനോയെ പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റി റാമോസിനാണ് പോര്‍ച്ചുഗല്‍ അവസരം നല്‍കിയത്. ലോകകപ്പ് വേദിയില്‍ ആദ്യ ഇലവനില്‍ ആദ്യമായി ലഭിച്ച അവസരം റാമോസ് ഹാട്രിക്കുമായിട്ടാണ് ആഘോഷിച്ചത്. 17, 51, 67 മിനിറ്റുകളിലായാണ് ഗോണ്‍സാലോ റാമോസ് ഹാട്രിക് തികച്ചത്.

മത്സരത്തില്‍ പോര്‍ച്ചുഗലിനായി പകരക്കാരനായി എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി.