ഫുട്‌ബോള്‍ ഫെഡറേഷനെതിരേ ആഞ്ഞടിച്ച് കോപ്പലാശാന്‍; കളി മെച്ചപ്പെടുത്താന്‍ ഒരു ഉപദേശവും

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയേക്കുറിച്ച് സംസാരിച്ച് ജംഷഡ്പൂര്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ മുന്നേറ്റം തുടരുകയാണ്. ഈ വര്‍ഷം ആദ്യം പുറത്തു വന്ന റാങ്കിങ്ങില്‍ ഇന്ത്യ 102-ാം സ്ഥാനത്താണ്. 3 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ102-ാം സ്ഥാനത്തെത്തിയത്.

അതേസമയം, കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലും ഭാവി താരങ്ങളെ കണ്ടെത്തുന്നതിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഇതുവരെ പൂര്‍ണമായും വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിമര്‍ശിച്ചുകൊണ്ട് സംസാരിച്ച കോപ്പല്‍ ഇന്ത്യ ഐസ്ലാന്റ് പോലെയുള്ള രാജ്യങ്ങളെ മാതൃകയാക്കണമെന്നും പറഞ്ഞു.

ലോകകപ്പില്‍ കളിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണമെങ്കില്‍ കൂടുതല്‍ ജാഗ്രതയോടയായിരിക്കണം എന്നും കളിക്കാരെ തുടക്കത്തിലെ കണ്ടെത്തി പരിശീലിപ്പിക്കണമെന്നും മെച്ചപ്പെട്ട സാഹചര്യമൊരുക്കിയാകണം പരിശീലനമെന്നും കോപ്പല്‍ പറഞ്ഞു.

ഇന്ത്യ ഐസ്ലാന്റിനെ മാതൃകയാക്കണം.മൂന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യത്ത് ഫുട്‌ബോളിനായി അവര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ കണ്ടു പഠിക്കേണ്ടതാണ് എന്നും കോപ്പല്‍ പറയുന്നു.മികച്ച പരിശീലകരും മറ്റ് സൗകര്യങ്ങളും നല്‍കി ഫുട്‌ബോളിനെ അവര്‍ വളര്‍ത്തി.അവര്‍ ലോകകപ്പില്‍ യോഗ്യത നേടുകയും ചെയ്തു. ഇന്ത്യയും ഐസ്ലാന്റിന്റെ പാത പിന്തുടര്‍ന്നാല്‍ ലോകകപ്പില്‍ കളിക്കുക എന്ന സ്വപ്‌നം പൂവണിയുമെന്നും കോപ്പല്‍ പറഞ്ഞു.