കളിക്കാരനായും മാനേജരായും ഫ്രാൻസിന് ലോകകപ്പ് നേടി കൊടുത്ത ഇതിഹാസ മാനേജർ ദിദിയർ ദെഷാംപ്‌സ് പടിയിറങ്ങുന്നു; അടുത്തത് സിദാനോ?

2012 മുതൽ ഫ്രാൻസിന്റെ ചുമതലയുള്ള 52 കാരനായ ദിദിയർ ദെഷാംപ്‌സ് ആണ് ഫ്രാൻസിനെ ഏറ്റവും കൂടുതൽ കാലം പരിശീലിപ്പിച്ച മാനേജർ. 2018 ലോകകപ്പ് സ്വന്തമാക്കുന്നതിലും 2022 ഫൈനലിലും ഇടം നേടാൻ ഫ്രാൻസിന് സാധിച്ചതിൽ ദെഷാംപ്‌സിന്റെ മാർഗ്ഗനിർദ്ദേശം നിർണായകമാണ്. എന്നാൽ 2026 ലോകകപ്പോടെ താൻ ഫ്രാൻസിന്റെ മാനേജർ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു എന്ന് ദെഷാംപ്‌സ് വെളിപ്പെടുത്തുന്നു. “2026-ൽ അത് അവസാനിക്കും, എൻ്റെ മനസ്സിൽ അത് വളരെ വ്യക്തമാണ്.” ഫ്രഞ്ച് ബ്രോഡ്കാസ്റ്റർ TF1-നോട് ദെഷാംപ്സ് പറഞ്ഞു.

“ഫ്രാൻസിനെ ഏറ്റവും ഉയർന്ന നിലയിൽ നിലനിർത്താനുള്ള അതേ ആഗ്രഹത്തോടെയും അഭിനിവേശത്തോടെയും ഞാൻ എൻ്റെ സമയം പൂർത്തിയാക്കിയിരിക്കുന്നു. ഇതിനുശേഷവും ഒരു ജീവിതമുണ്ട്. ഏറ്റവും പ്രധാനം, ഫ്രാൻസ് വർഷങ്ങളായി തുടരുന്നതുപോലെ മുകളിൽ തുടരുക എന്നതാണ്.” ദെഷാംപ്‌സ് പറഞ്ഞു.

മുൻ ഫ്രഞ്ച് മിഡ്ഫീൽഡർ ആയിരുന്ന ദെഷാംപ്‌സ്, മരിയോ സാഗല്ലോയ്ക്കും ഫ്രാൻസ് ബെക്കൻബൗറിനും ശേഷം കളിക്കാരനായും മാനേജരായും ലോകകപ്പ് നേടിയ മൂന്നാമത്തെ വ്യക്തിയാണ്. 1998-ൽ തൻ്റെ രാജ്യത്തിൻ്റെ ക്യാപ്റ്റനായി ദെഷാംപ്‌സ് ലോകകപ്പ് നേടി. ഫ്രാൻസിൻ്റെ ചുമതലയേൽക്കുന്നതിന് മുമ്പ് മൊണാക്കോ, യുവൻ്റസ്, മാഴ്‌സെൽ ടീമുകളുടെ ചുമതല ദെഷാംപ്‌സിന് ഉണ്ടായിരുന്നു. ഓരോ ക്ലബ്ബിലും കുറഞ്ഞത് ഒരു ട്രോഫിയെങ്കിലും അദ്ദേഹം അവിടുങ്ങളിൽ നേടിയിരുന്നു.

മാഴ്‌സെയ്‌ക്കും യുവൻ്റസിനും ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ചെൽസിയ്‌ക്കൊപ്പം എഫ്എ കപ്പും ഉൾപ്പെടെ 14 പ്രധാന ബഹുമതികൾ അദ്ദേഹം നേടി. മാനേജ് ചെയ്ത എല്ലാ ടീമുകൾക്കൊപ്പവും ഒരു ട്രോഫിയെങ്കിലും നേടിയ ചുരുക്കം ചില മാനേജർമാരിൽ ഒരാളാണ് ദിദിയർ ദെഷാംപ്‌സ്. ദെഷാംപ്‌സിന്റെ പടിയിറക്കത്തോടെ ഫ്രാൻസ് ഫുട്ബോളിനെ ഇനി ആര് നയിക്കുമെന്ന ചോദ്യം ഇപ്പോൾ തന്നെ അന്തരീക്ഷത്തിലുണ്ട്. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെ അടുത്ത ഫ്രാൻസ് മാനേജരായി പരിഗണിക്കണമെന്ന വാദം ഇടക്കാലത്ത് ഉയർന്നുവന്നിരുന്നു. എന്നാൽ അതിന് തുടർച്ച ഉണ്ടായില്ല.

Read more