ക്ലബ് ഫുട്‍ബോളിൽ തീ, രാജ്യത്തിന്റെ ജേഴ്സിയിടുമ്പോൾ ദുരന്തം; സൂപ്പർ താരത്തിനെതിരെ വിമർശനം അതിശക്തം; ഗാരി ലിനേക്കർ പറയുന്നത് ഇങ്ങനെ

യൂറോ കപ്പ് മത്സരങ്ങളിൽ ഇംഗ്ലണ്ട് ടീം വിജയകരമായി തുടങ്ങിയെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നായ ഇംഗ്ലണ്ട് അവരുടെ കഴിവിന് അനുസരിച്ചു പ്രകടനം പുറത്തെടുക്കാത്തത് പല അർത്ഥത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഫ്രാൻസ്,ജർമനി,ഇംഗ്ലണ്ട് എന്നീ ടീമുകളാണ് നിലവിൽ യൂറോയിൽ ഏറ്റവും മികച്ച താരനിരായുള്ളത്. ഇംഗ്ലണ്ട് ടീമിലുള്ള പലരിലേക്കും വിമർശനങ്ങളുടെ ചൂണ്ടുവിരൽ നീളുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച കോച്ച് ആയ പെപ് ഗ്വാർഡിയോളക്ക് കീഴിൽ പരിശീലിക്കുന്ന ഫിൽ ഫോഡനിലേക്ക് കൂടുതൽ ആളുകൾ തിരിയുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുന്ന ഫിൽ ഫോഡൻ മിന്നുന്ന ഫോമിലാണ് ക്ലബ്ബിൽ കളിച്ചു കൊണ്ടിരിക്കുന്നത്. തുടർച്ചയായി നാല് ലീഗ് കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന കളിക്കാരനായ ഫോഡനിൽ നിന്ന് ഇംഗ്ലീഷ് ആരാധകരും കോച്ചും ഒരുപാട് പ്രതീക്ഷകളർപ്പിക്കുന്നു. സിറ്റിയുമായി അതിശയകരമായ സീസൺ ഉണ്ടാകുമ്പോഴും ഇംഗ്ലണ്ടിന് വേണ്ടി മാത്രം ഫോഡൻ കളിക്കാത്തത് എന്ത് കൊണ്ടായിരിക്കും?

ഇംഗ്ലണ്ട് ജേഴ്സി ഇടുമ്പോൾ ഫോഡൻ ഫോം ഔട്ട് ആവുന്നത് പുതിയ കാര്യമല്ല. 2020-ൽ ഇംഗ്ലണ്ടിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 35 മത്സരങ്ങൾ അദ്ദേഹം കളിച്ചു, എട്ട് ഗോളുകൾക്ക് അസ്സിസ്റ് നൽകിയപ്പോൾ നാല് ഗോളുകൾ മാത്രമാണ് നേടാനായത്. അതായത് ഓരോ കളിയിലും ശരാശരി ഗോളുകൾ 0.34. നേരെമറിച്ച്, സിറ്റിക്കായി 270 മത്സരങ്ങൾ കളിക്കുകയും ഒരു മത്സരത്തിന് ശരാശരി 0.52 വെച്ച് 140 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തു. കഴിഞ്ഞ സീസണിൽ, 54 മത്സരങ്ങളിൽ നിന്ന് 0.72 ശരാശരിയിൽ 39 ഗോളുകൾ ഫോഡൻ നേടിയിട്ടുണ്ട്. സിറ്റിയും ഇംഗ്ലണ്ടും തമ്മിലുള്ള മൊത്തത്തിലുള്ള ഗുണനിലവാരത്തിലെ വലിയ വ്യത്യാസവും ഗ്വാർഡിയോളയും സൗത്ത്ഗേറ്റും തമ്മിലുള്ള കോച്ചിംഗ് കഴിവിലെ വ്യത്യാസവും കണക്കിലെടുക്കുമ്പോൾ പോലും, ഇത് ഗണ്യമായ ഒരു വീഴ്ചയാണ്.

പ്രത്യേകിച്ചും അന്താരാഷ്ട്ര തലത്തിൽ അവരുടെ ക്ലബ് ഫോം ആവർത്തിക്കാൻ ശ്രമിക്കുന്ന സിറ്റിയിലെ സഹ മിഡ്ഫീൽഡർമാരുടെ അടുത്ത് ഫോഡൻ്റെ കണക്കുകൾ നോക്കുമ്പോൾ. കഴിഞ്ഞ സീസണിൽ കെവിൻ ഡി ബ്രൂയ്‌നെയുടെ അഭാവത്തിൽ സ്വതന്ത്ര റോളിൽ കളിച്ച ഫോഡൻ റൈറ്റ് വിങ്ങിലും ലെഫ്റ് വിങ്ങിലും മിഡ്‌ഫീൽഡറായും ഒരുപോലെ കളിച്ചിട്ടുണ്ട് ഇത് ഫോഡനെ കൂടുതൽ അഡാപ്റ്റൽ ആയ കളിശൈലി സ്വീകരിക്കുന്നതു സഹായകമാവുന്നു. എന്നാൽ ഇംഗ്ലണ്ടിലെത്തുന്ന ഫോഡനെ സംബന്ധിച്ചെടുത്തോളം കോച്ച് സൗത്ത് ഗേറ്റ് വളരെ പരിമിതമായ റോളിലാണ് കളിപ്പിക്കുന്നത്. മുൻ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ മൈക്ക റിച്ചാർഡ്‌സ് സെർബിയയ്‌ക്കെതിരായ ഫോഡൻ്റെ പോരാട്ടം കണ്ട് നിരാശനായി, ഇടതുവശത്ത് തുടരുന്നതിനുപകരം ഡെന്മാർക്കിനെതിരെ മധ്യഭാഗത്ത് അവനെ കളിക്കാൻ സൗത്ത്ഗേറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

“ഈ ശൈലി പ്രവർത്തിക്കുന്നില്ല. അവൻ വലത്തോട്ടോ ഇടത്തോട്ടോ കളിക്കുകയോ അല്ലെങ്കിൽ നമ്പർ ടെൻ മിഡ്‌ഫീൽഡർ ആയി കളിച്ചാൽ കുറച്ചു കൂടി മെച്ചമുണ്ടാകും. എനിക്ക് അവൻ്റെ കളി ഒറ്റപ്പെട്ടതായി തോന്നുന്നു.” ഗാരി ലിനേക്കറുമായുള്ള ‘ദ റെസ്റ്റ് ഈസ് ഫുട്ബോൾ’ പോഡ്കാസ്റ്റിൽ റിച്ചാർഡ്സ് പറഞ്ഞു. “ഫോഡനോടൊപ്പം, ആ നിലവാരമുള്ള ഒരു കളിക്കാരൻ പൊസിഷനിൽ നിന്ന് പുറത്തായി കളിക്കുന്നത് കാണുന്നത് വളരെ നിരാശാജനകമാണ്. പന്തിൽ അയാൾ നമ്പർ ടെൻ റോളിലേക്ക് നീങ്ങുകയായിരുന്നു, പക്ഷേ അയാൾക്ക് അപ്പോഴും ഇടതുവശത്ത് പ്രസ് ചെയ്യേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഫോഡനെ ഹാഫ് സ്പേസിൽ കളിക്കാൻ അനുവദിച്ചു റൈസിന്റെ പിവട്ട് സപ്പോർട്ട് കൂടി അവൻ നൽകുക.” ലിനേക്കർ കൂട്ടിച്ചേർത്തു.

Read more

സെർബിയ മത്സരത്തിന് ശേഷം ഫോഡനെക്കുറിച്ചുള്ള നിരവധി ചർച്ചകളിൽ, ഒരു നിർണായക ഘടകം അവഗണിക്കപ്പെട്ടു: മത്സരം ഇംഗ്ലണ്ട് വിജയിച്ചു. ത്രീ ലയൺസ് ഡെൻമാർക്കിനോട് തോറ്റാൽ, ഫോഡന് അവൻ ആഗ്രഹിക്കുന്ന റോളും പ്രാധാന്യവും നൽകാൻ ഒരു സാഹചര്യമുണ്ടാകാം. പക്ഷേ, ഇപ്പോൾ അദ്ദേഹം തൻ്റെ സ്ഥാനം സ്വീകരിച്ച് അതിനോട് പൊരുത്തപ്പെടേണ്ടുന്ന സാഹചര്യമാണ്. പ്രീമിയർ ലീഗിലെ സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെട്ട കളിക്കാരനാണ് ഫോഡൻ. അദ്ദേഹത്തിന്റെ പ്രഭാവം തെളിയിക്കുന്നതിന് വേണ്ടി അന്താരാഷ്‌ട്ര ഫുട്‌ബോളിൽ അദ്ദേഹം കൂടുതൽ പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്