സെമിഫൈനല്‍ എളുപ്പമാകില്ല, ജയിക്കാന്‍ ചിലപ്പോള്‍ ഭാഗ്യം വേണം; തുറന്നുപറഞ്ഞ് ഫ്രാന്‍സ് പരിശീലകന്‍

മൊറോക്കോക്കെതിരായ സെമി ഫൈനല്‍ മത്സരം എളുപ്പമാകില്ലെന്ന സൂചന നല്‍കി ഫ്രാന്‍സ് പരീശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ്. മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും ടീമിന്റെ പ്രകടനത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് പരിശ്രമിക്കുമെന്നും ദെഷാംപ്‌സ് പറഞ്ഞു.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സെമിഫൈനല്‍ യോഗ്യത നേടിയതിലെ സന്തോഷവും താരം പങ്കുവെച്ചു. മികച്ച സ്‌ക്വാഡാണ് ഇംഗ്ലണ്ടിനുണ്ടായിരുന്നത്. അവര്‍ക്കെതിരെ ഞങ്ങള്‍ മികച്ച പ്രകടനം നടത്തിയെങ്കിലും സാങ്കേതികത്തികവില്‍ അവര്‍ ഞങ്ങളേക്കാള്‍ മുന്നിലായിരുന്നു.

ഞങ്ങള്‍ക്ക് അനുഭവങ്ങളുണ്ട്. പരിചയ സമ്പത്ത് കൂടുതല്‍ ഞങ്ങള്‍ക്കായിരുന്നു. താരങ്ങളെല്ലാം നല്ല മാനസിക നിലയിലുമാണ്. ഇംഗ്ലണ്ടിനും മികച്ച താരങ്ങളാണുള്ളത്, അവരൊക്കെ യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ക്ക് വേണ്ടിയാണ് പന്തു തട്ടുന്നത്.

Read more

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ട് മികച്ച ടീമായിരുന്നുവെന്ന് നമ്മള്‍ കണ്ടു. ഭാഗ്യവശാല്‍ ജയം ഞങ്ങളുടെ വഴിയിലായിരുന്നു. ജയത്തിന് ചിലപ്പോള്‍ ഭാഗ്യം ആവശ്യമാണ് -ദെഷാംപ്‌സ് പറഞ്ഞു.