സാലറി തരൂ... മത്സരത്തിനിടയിൽ ഹൈദരാബാദ് എഫ് സി സ്റ്റാഫ് വക പ്രതിഷേധം; കടക്ക് പുറത്ത് പറഞ്ഞ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ

മൈതാനത്തും പുറത്തും മോശം അവസ്ഥയിലാണ് ഹൈദരാബാദ് എഫ്‌സി (എച്ച്എഫ്‌സി) ഇറങ്ങിയത്. വ്യാഴാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ താങ്‌ബോയ് സിംഗ്ടോ പരിശീലിപ്പിച്ച ടീം എഫ്‌സി ഗോവയോട് 2-0 ന് തോറ്റപ്പോൾ, ഹൈദരാബാദ് എഫ്‌സി സ്റ്റാഫ് മത്സരത്തിനിടെ ശമ്പളം നൽകാത്തതിൽ ആശങ്ക പ്രകടിപ്പിച്ചു സ്ഥാപിച്ച ഫ്‌ളെക്‌സാണ് ഇപ്പോൾ ചർച്ചയാകുന്നത്.

എച്ച്എഫ്‌സി സ്റ്റാഫിലെ അംഗങ്ങൾ തങ്ങളുടെ ശമ്പളം ഉടൻ നൽകണമെന്ന് അഭ്യർത്ഥിക്കുന്ന ബാനറുമായി ഗാലറിയിൽ എത്തുക ആയിരുന്നു. ശേഷം സ്‌റ്റേഡിയത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ സമരത്തിലേർപ്പെട്ട ജീവനക്കാരെ സ്റ്റേഡിയം പരിസരത്ത് നിന്ന് ഒഴിപ്പിച്ചു.

ഐഎസ്എൽ 2021–22 എഡിഷൻ ജേതാക്കളായ ഹൈദരാബാദ് കഴിഞ്ഞ രണ്ട് വർഷമായി സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഒന്നുകിൽ അവരുടെ കരാറുകൾ മാറ്റുകയോ മറ്റെവിടെയെങ്കിലും ട്രാൻസ്ഫർ നേടുകയോ ചെയ്തു. 2020-23 കാലഘട്ടത്തിൽ ഹൈദരാബാദിനെ പരിശീലിപ്പിച്ച ഗോവയുടെ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ്, സ്‌പോർട്‌സ്‌സ്റ്റാറിനോട് അവസ്ഥയെക്കുറിച്ച് പറഞ്ഞു, “ക്ലബ് നിയന്ത്രിക്കുന്ന ശരിയായ ആളുകളില്ല എന്നതാണ് പ്രശ്‌നം.”

“സാഹചര്യം അൽപ്പം മോശമാണ്, ഞങ്ങൾ കാര്യങ്ങൾ ക്രമീകരിക്കാൻ ശ്രമിക്കുകയാണ്. സാമ്പത്തികമായി ഞങ്ങൾ തകർന്നു നിൽക്കുകയാണ് ഇപ്പോൾ എന്നത് സത്യമാണ്. ശമ്പള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, ഞങ്ങൾ കാര്യങ്ങൾ ക്രമീകരിക്കാൻ ശ്രമിക്കുന്നു. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ”ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു അംഗം പറഞ്ഞു.