ആരാധകരെ ത്രില്ലടിപ്പിച്ച് ഒടുവില്‍ ലോകഫുട്ബോളിലെ ആ രണ്ടു സൂപ്പര്‍താരങ്ങളും ലോകകപ്പിനുണ്ടാകുമെന്ന് ഉറപ്പാക്കി. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും പോളണ്ടിന്റെ ലെവന്‍ഡോവ്സ്ക്കിയും ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കും. കഴിഞ്ഞ ദിവസം നടന്ന നിര്‍ണ്ണായക മത്സരത്തില്‍ പോര്‍ച്ചുഗല്‍ മാസിഡോണിയയെയും പോളണ്ട് സ്വീഡനെയുമാണ് പരാജയപ്പെടുത്തിയത്. ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത് ബ്രൂണോഫെര്‍ണാണ്ടസ് ആയിരുന്നു.
ഇറ്റലിയെ ലോകകപ്പില്‍ നിന്നും ചവുട്ടിപ്പുറത്താക്കിയ വടക്കന്‍ മാസിഡോണിയയുടെ ആ കളി പോര്‍ച്ചുഗലിന്റെ അരികില്‍ നടന്നില്ല. ഇരു പകുതികളിലുമായി മാഞ്ചസ്റ്റര്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോളുകളിലായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ആദ്യഗോളിന് ക്രിസ്ത്യാനോ റൊണാള്‍ഡോയും രണ്ടാം ഗോളിന് ജോട്ടയും അസിസ്റ്റ് ചെയ്തു. ഇറ്റലിയെ വീഴ്ത്തി കരുത്തുകാട്ടിയ മാസിഡോണിയയ്ക്ക് പക്ഷേ പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ കോസ്റ്റയെ കളിയില്‍ ഒരിക്കല്‍ പോലും പരീക്ഷിക്കാന്‍ പോലുമായില്ല. ഇതോടെ 37 കാരനായ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കരിയറിലെ ആറാമത്തെയും ഒരുപക്ഷേ അവസാനത്തേയും ലോകകപ്പില്‍ കളിക്കാന്‍ ഖത്തറില്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കുകയും ചെയ്തു.
ലോകഫുട്ബോളിലെ മറ്റൊരു ഹീറോ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയും ഖത്തറില്‍ കളിക്കാനുണ്ടാകുമെന്ന് ഉറപ്പ് തന്നു. സ്വീഡനെ 2-0 ന് പോളണ്ട് മറികടന്നു. 49 ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കി പെനാല്‍റ്റിയില്‍ നിന്നും ഗോള്‍ നേടിയപ്പോള്‍ 72 ാം മിനിറ്റില്‍ സെലിന്‍സ്കി ടീമിനായി രണ്ടാം ഗോളും നേടി. കളിയുടെ 80 ാം മിനിറ്റില്‍ സ്വീഡന് ഇതിഹാസതാരം സ്ളാട്ടന് ഇബ്രാഹിമോവിക്കിനെ ഇറക്കിയെങ്കിലും പോളണ്ടിന്റെ വിജയം തടയാനായില്ല. പോര്‍ച്ചുഗലും പോളണ്ടും പ്ളേ ഓഫില്‍ പെട്ടുപോയത് ആരാധകരുടെ ഹൃദയം തകര്‍ത്തിരുന്നു. പോളണ്ടും പോര്‍ച്ചുഗലും പുറത്തായിരുന്നെങ്കില്‍ ലോകഫുട്ബോളിലെ അതികായന്മാരായ ഇറ്റലിയ്ക്ക് പുറമേ ക്രിസ്ത്യാനോ റൊണാള്‍ഡോയേയും ലെവന്‍ഡോവസ്ക്കിയെയും ലോകകപ്പിന് നഷ്ടമായേനെ.
Read more
അതേസമയം കഴിഞ്ഞ മത്സരത്തില്‍ തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തുപോയ ഇറ്റലി വിജയവഴിയില്‍ തിരിച്ചെത്തി. മാസിഡോണിയയോട് തോറ്റ് ലോകകപ്പില്‍ നിന്നും നേരത്തേ പുറത്തായ ഇറ്റലി പോര്‍ച്ചുഗല്‍ പുറത്താക്കിയ തുര്‍ക്കിയെ ചടങ്ങ് പൂര്‍ത്തിയാക്കുന്ന മത്സരത്തില്‍ 3-2 ന് തോല്‍പ്പിച്ചു.