മറഡോണയുടെ തോളോട് തോള്‍ ചേര്‍ന്ന കുതിപ്പുമായി നാപോളി താരം

ഇന്നലെ ടൊറീനോയ്‌ക്കെതിരെ 30-ാം മിനിറ്റില്‍ നേടിയ ഗോളോടെ നാപോളി താരം ഹാംസിക് ചരിത്രം കുറിച്ചു. നാപോളിയുടെ എക്കാലത്തേയും ടോപ്പ് സ്‌കോറര്‍ എന്ന അര്‍ജന്റീനന്‍ ഇതിഹാസ താരം മറഡോണയുടെ റെക്കോര്‍ഡിനൊപ്പമാണ് ടീം നായകന്‍ കൂടിയായ ഹാംസിക്ക് എത്തിയത്. 115 ഗോള്‍ നേടിയാണ് താരം മറഡോണയ്ക്കൊപ്പെ എത്തിയത്.

ശനിയാഴ്ച ടോറിനോയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ ഗോളാണ് സ്ലോവേക്യന്‍ താരം ഹാംസിക്കിനെ ചരിത്ര നേട്ടത്തില്‍ എത്തിച്ചത്. 115 ഗോളുകള്‍ എന്ന മറഡോണയുടെ നേട്ടത്തിനൊപ്പം എത്തിയ താരത്തിന് ഈ നേട്ടം സ്വന്തം പേരില്‍ കുറിക്കാന്‍ ഒരു ഗോള്‍കൂടി മതി. 2007 ലാണ് ഹാംസിക്ക് നാപ്പോളിയിലെത്തുന്നത്. ഏഴ് സീസണുകളില്‍ നിന്നാണ് മറഡോണ ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ ഹാംസികിന് 11 സീസണ്‍ വേണ്ടിവന്നു.

11 സീസണുകളില്‍ തുടര്‍ച്ചയായി നാപോളിക്ക് വേണ്ടി സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡും ഹാംസികിന് സ്വന്തമാണ്. നേട്ടത്തില്‍ സന്തോഷം ഉണ്ടെന്നു പറഞ്ഞാ ഹാംസിക് നേട്ടത്തേക്കാള്‍ ടീം ജയിച്ച് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി എന്നതിലാണ് സന്തോഷം എന്നും പറഞ്ഞു.