ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയില്‍. പന്തടക്കത്തിലും ആക്രമണത്തിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരംത്തില്‍ ഇരുടീമുകളും ഈ രണ്ടു ഗോള്‍ വീതം നേടി. ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച (5), ഗാരി ഹൂപ്പര്‍ (46) എന്നിവരാണു ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ക്വെസി അപിയ (51) ഇദ്രിസ സൈല (90) എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ മടക്കിയത്.
അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ ഗോള്‍ കണ്ടെത്തി. സെയ്ത്യാസെന്‍ സിങ് എടുത്ത ഫ്രീകിക്ക് ബ്ലാസ്‌റ്റേവ്‌സ് നായകന്‍ സിഡോഞ്ച ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.
23-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഗാരി ഹൂപ്പര്‍ നഷ്ടപ്പെടുത്തി. സിഡോഞ്ചയുടെ ക്രോസ് സ്വീകരിച്ച ഹൂപ്പര്‍, ഗോളി മാത്രം മുന്നില്‍നില്‍ക്കെ പന്ത് പോസ്റ്റിന് മുകളിലൂടെ അടിച്ചുകളയുകയായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍. 45ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗാരി ഹൂപ്പര്‍ വലയിലാക്കി.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ കളിക്കുന്ന നോര്‍ത്ത് ഈസ്റ്റിനെയാണ് കാണാനായത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നോര്‍ത്ത് ഈസറ്റ് ഒരു ഗോള്‍ മടക്കി. 51ാം മിനിറ്റില്‍ അപിയയിലൂടെയായിരുന്നു അത്. കോണറില്‍ നിന്നെത്തിയ പന്ത് അപിയ വലയിലേക്ക് തിരിക്കുകയായിരുന്നു.
Read more
തുടര്‍ന്ന് 65ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അപിയ പാഴാക്കിയത് ബ്ലാസ്റ്റേഴ്‌സിന് ജീവശ്വാസമായി. 65ാം മിനിറ്റില്‍ ലാലെങ്മാവിയയെ ജെസ്സല്‍ കാര്‍നെയ്റോ ബോക്സില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. അപിയയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്നും മികച്ചു നിന്ന നോര്‍ത്ത് ഈസ്റ്റ് 90ാം മിനിറ്റില്‍ ഇദ്രിസ സൈലയുടെ ഗോളിലൂടെ സമനില പിടിച്ചു.