ജെസല്‍ കര്‍ണേറോ ബ്ലാസ്റ്റേഴ്സ് വിട്ടു; പുതിയ തട്ടകം ബംഗളൂരു

കേരള ബ്ലാസ്റ്റേഴ്സ് നായകനും പ്രതിരോധ താരവുമായ ജെസല്‍ കര്‍ണേറോ ബ്ലാസ്റ്റേഴ്സ് വിട്ടു. ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ ബദ്ധവൈരികളായ ബംഗളൂരുവിന്റെ തട്ടകത്തിലേക്കാണ് താരത്തിന്റെ കൂടുമാറ്റം. താരവുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ബംഗളൂരു ഒപ്പിട്ടു.

ബ്ലാസ്റ്റേഴ്സിന് ജെസലുമായി കരാര്‍ നീട്ടാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അത് ഒരു വര്‍ഷത്തെ മാത്രം കരാറായതിനാലാണ് താരം ടീം വിടാന്‍ ഉറപ്പിച്ചത്. 2019ലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബ്ലാസ്റ്റേഴ്സിനായി ആകെ 66 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം ടീമിനായി ആറ് തവണ വലകുലുക്കി.

ക്ലബ്ബിലെത്തിയ കാലത്ത് ടീമിനായി നടത്തിയ അവിസ്മരണീയ പ്രകടനങ്ങള്‍ ജെസലിനെ ടീമിന്റെ നായക സ്ഥാനത്തെത്തിച്ചു. 2021-2011 സീസണില്‍ വുകുമാനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ കലാശപ്പോരിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ജെസലായിരുന്നു ടീമിന്റെ നായകന്‍.

Read more

ഐ.എസ്.എല്‍ നോക്കൗട്ടില്‍ ബംഗളൂരുവിനെതിരായ മത്സരമായിരുന്നു ബ്ലാസ്റ്റേഴ്‌സിനായുള്ള ജസലിന്റെ അവസാന മത്സരം. പിന്നീട് നടന്ന സൂപ്പര്‍ കപ്പില്‍ ടീമില്‍ ഇടംപിടിച്ചിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് താരത്തിന് കളിക്കാനായില്ല