വെൽറ്റിൻസ് അറീനയിൽ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഗാരെത്ത് സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ട് ക്വാട്ടർ ഫൈനലിനുള്ള സീറ്റ് ഉറപ്പിച്ചു. സ്ലോവാക്യയുമായുള്ള പ്രീ ക്വാട്ടർ മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷമാണ് റയൽ മാഡ്രിഡിന്റെ ഗലാഗ്റ്റിക്കോ താരം ജൂഡ് ബെല്ലിങ്ങ്ഹാമിന്റെ ഗോളിൽ ഇംഗ്ലണ്ട് വിജയം കണ്ടെത്തിയത്. 90+5 ഇഞ്ച്വറി ടൈമിലാണ് ജൂഡിന്റെ ബൈസിക്കിൾ വണ്ടർ പിറക്കുന്നത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഇംഗ്ലണ്ട് വെറ്ററൻ ഹാരി കെയിനിന്റെ ഗോളിൽ ഇംഗ്ലണ്ട് വിജയം ഉറപ്പിക്കുകയു ചെയ്തു.
ഇരുപത്തി അഞ്ചാം മിനുട്ടിൽ ഇവാൻ സ്ക്രാൻസിന്റെ ഗോളിൽ മുന്നിട്ട് നിന്ന സ്ലോവാക്യ മത്സരവസാനം വരെ വിജയപ്രതീക്ഷ നിലനിർത്തിയെങ്കിലും അവസാന നിമിഷത്തിൽ കണ്ണീർ അണിയേണ്ടി വന്നു. 63% ബോൾ പോസ്സെഷൻ നിലനിർത്തി കളിച്ച ഇംഗ്ലണ്ട് 16 ഷോട്ടുകൾ എടുത്തതിൽ 2 എണ്ണം ലക്ഷ്യത്തിലുതിർത്തപ്പോൾ വെറും 37% പോസ്സെഷനിൽ 13 ഷോട്ട് എടുത്തതിൽ 3 ലക്ഷ്യത്തിലെത്തിക്കാൻ സ്ലോവാക്യക്ക് സാധിച്ചു. ഒമ്പത് മഞ്ഞ കാർഡുകൾ കണ്ട മത്സരത്തിൽ 31 ഫൗളുകളാണ് ഇന്നലത്തെ മത്സരത്തിൽ കളി തടസപ്പെടുത്തിയത്.
നിലവിൽ യൂറോയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന സൗത്ത് ഗേറ്റിന്റെ ടീം ക്വാട്ടർ ഫൈനൽ സീറ്റ് ഉറപ്പിച്ചെങ്കിലും ടൂർണമെന്റിൽ ഉടനീളമുള്ള ഇംഗ്ലണ്ടിന്റെ പ്രകടനത്തിൽ ആരാധകരും മുൻ കളിക്കാരും ഒരുപോലെ നിരാശരാണ്. ഇന്നലത്തെ നിർണായക ഗോൾ അടക്കം രണ്ട് ഗോളുകളാണ് ജൂഡ് ഈ ടൂർണമെന്റിൽ നേടിയത്. വിജയ ഗോൾ നേടിയ ഹാരി കെയിനും ഇംഗ്ലണ്ടിന് വേണ്ടി ഈ ടൂർണമെന്റിൽ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ഫിഫ റാങ്കിങ്ങിൽ 46ആം സ്ഥാനത്തുള്ള സ്ലോവാക്യ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ യൂറോ 2016ൽ ഐസ്ലാൻഡിനോട് തോറ്റ് പുറത്തായ സമാന വൈകാരിക അന്തരീക്ഷത്തിൽ കൂടി കൊണ്ട് പോയി.
Read more
ഹാരി കെയിൻ,ജൂഡ് ബെല്ലിങ്ങ്ഹാം, കൈയിൽ വാൾക്കർ , കോബി മൈനൂ, ഫിൽ ഫോഡൻ, ബുക്കായോ സാക്ക എന്നിവരെ അണിനിരത്തിയ മത്സരത്തിൽ കോൾ പാൽമെർ, ഐവാൻ ടോണി, കോണർ കല്ലഗർ എന്നിവർ പകരക്കാരായി വരുകയായിരുന്നു. യൂറോ 2023 ജേതാക്കളായ ഇറ്റലിയെ പ്രീ ക്വാർട്ടറിൽ തോൽപ്പിച്ചു വരുന്ന സ്വിറ്റ്സർലാൻഡിനെയാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ നേരിടേണ്ടത്. ജൂലൈ 6ന് നടക്കുന്ന മത്സരം സൗത്ത് ഗേറ്റിനും കൂട്ടർക്കും ഒരുപോലെ നിർണായകമാണ്.